തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ സംസ്ഥാനത്ത് കൂടുതൽ കർക്കശമായ നിയന്ത്രണം. സംസ്ഥാന-കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസിനു മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിച്ചിട്ടുണ്ട്.
അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കും. ഹോട്ടൽ, റസ്റ്റാറന്റുകളിൽ നിന്ന് പാഴ്സൽ മാത്രമേ നൽകാൻ പാടുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും. എയർപോർട്, റെയിൽവെ യാത്രക്കാർക്ക് തടസം ഉണ്ടാവില്ല.
ഓക്സിജൻ, ആരോഗ്യ മേഖലയ്ക്ക് വേണ്ട വസ്തുക്കൾ, സാനിറ്റേഷൻ വസ്തുക്കൾ എന്നിവയുടെ നീക്കം തടസ്സമില്ലാതെ അനുവദിക്കും.ടെലികോം, ഇന്റർനെറ്റ് എന്നീ സേവനങ്ങൾക്ക് മുടക്കമുണ്ടാവില്ല.
ബാങ്കുകൾ കഴിയുന്നതും ഓൺലൈൻ ഇടപാട് നടത്തണം. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. കല്യാണ ചടങ്ങുകൾക്ക് 50 പേരിൽ കൂടുതലും മരണ ചടങ്ങുകൾക്ക് 20 പേരിൽ കൂടുതലും ആകാതിരിക്കാൻ കരുതൽ വേണം.
അതിഥി തൊഴിലാളികൾക്ക് അതാതിടത്ത് ജോലി ചെയ്യുന്നതിന് തടസ്സമില്ല. റേഷൻ , സിവിൽ സപ്ലൈസ് ഷോപ്പുകൾ തുറക്കും.