ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അതിരൂക്ഷമായ കോവിഡ് വ്യാപനത്തിനും പ്രാണവായു പോലും കിട്ടാതെ നിരവധി പേർ തുടർച്ചയായി മരിക്കുകയും ചെയ്യുന്നതിനിടയിൽ 20,000 കോടിയോളം രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പ്രധാനമന്ത്രിയുടെ പുതിയ വസതി അടുത്ത വർഷം ഡിസംബറിൽ പൂർത്തിയാക്കാൻ നിർദേശം.
മഹാമാരിയുടെ കൊടിയ ദുരിതങ്ങൾക്കിടയിലും ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയും അടക്കമുള്ള സെൻട്രൽ വിസ്ത പദ്ധതി അവശ്യ സേവനം ആയി പ്രഖ്യാപിച്ചിരുന്നു.
കോവിഡ് രോഗികളുടെ പ്രതിദിന വളർച്ചയിൽ ലോകത്ത് ഇന്ത്യ ഒന്നാമതെത്തുകയും ഓക്സിജനും വെന്റിലേറ്ററുകളും പോലും കിട്ടാതാവുകയും ചെയ്യുന്ന അതീവ ഗുരുത സാഹചര്യത്തിൽ സെൻട്രൽ വിസ്തയുടെ നിർമാണം നിർത്തിവയ്ക്കണമെന്നു പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
സെൻട്രൽ വിസ്ത അനിവാര്യമല്ലെന്നും ദീർഘവീക്ഷണമുള്ള കേന്ദ്രസർക്കാർ ആണ് ആവശ്യമെന്നും കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൂണ്ട ിക്കാട്ടിയിരുന്നു.
എന്നാൽ, ഡൽഹിയിൽ രണ്ടാഴ്ചയായി തുടരുന്ന ലോക്ക്ഡൗണ് പോലും മറികടന്നു കോവിഡ് ഭീഷണിക്കിടയിലും നൂറു കണക്കിനു തൊഴിലാളികളാണു ദിവസേന പാർലമെന്റ് മന്ദിരം അടക്കമുള്ള പദ്ധതികളുടെ നിർമാണ ജോലികൾക്കായെത്തുന്നത്. സിമന്റ്, കന്പി, മണ്ണ് തുടങ്ങിയവയുമായി നിരവധി ട്രക്കുകളും സജീവമാണ്.
കൊറോണ പകർച്ചവ്യാധിയുടെ മധ്യത്തിൽ സെൻട്രൽ വിസ്ത പദ്ധതിക്ക് ആവശ്യമായ പാരിസ്ഥിതിക അനുമതി കേന്ദ്രസർക്കാർ നൽകി.
ഇതോടെ തെരക്കിട്ടു തുടരുന്ന നിർമാണ ജോലികൾ അടുത്ത ഘട്ടത്തിലേക്കു കടന്നു. 13,450 കോടി രൂപ ചെലവുള്ള ഈ പദ്ധതികൾക്കു വേണ്ടി 46,000 തൊഴിലാളികൾ ജോലി ചെയ്യേണ്ടി വരുമെന്നാണു റിപ്പോർട്ട്.
2022 ഡിസംബറിൽ പൂർത്തിയാക്കേണ്ട ആദ്യ കെട്ടിടങ്ങളിൽ പ്രധാനമന്ത്രിയുടെ പുതിയ അത്യാധുനിക വസതിയുമുണ്ട ്.
പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ ചുമതലയുള്ള എസ്പിജി (സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) ഹെഡ്ക്വാർട്ടേഴ്സും കേന്ദ്രസർക്കാരിന്റെ ഉന്നത സെക്രട്ടറിമാർക്കുള്ള പുത്തൻ വസതികളും ഇതോടൊപ്പം അടുത്ത വർഷം ഡിസംബറിൽ പൂർത്തീകരിക്കണമെന്നാണു കരാറുകാരായ ടാറ്റ ഗ്രൂപ്പിനു നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിനെയും പുതിയ വസതിയെയും ബന്ധിപ്പിക്കുന്ന തുരങ്ക നിർമാണവും പദ്ധതിയുടെ ഭാഗമായുണ്ട ്.
സുരക്ഷാപ്രശ്നങ്ങളില്ലാതെ പ്രധാനമന്ത്രിക്ക് ഓഫീസിലേക്കും തിരികെ വസതിയിലേക്കും പോകാനാണു തുരങ്കം.
ഉപരാഷ്ട്രപതിക്കായുള്ള പുതിയ വസതിയും പദ്ധതിയിലുണ്ട്. അടുത്ത മേയിൽ ഉപരാഷ്ട്രപതിയുടെ വസതി നിർമാണം പൂർത്തിയാക്കും.
രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന മേഖലയിലെ പദ്ധതി 2024ലെ പൊതുതെരഞ്ഞെടുപ്പിനു മുന്പായി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണു പ്രധാനമന്ത്രിയുടെ ലക്ഷ്യം.