ന്യൂഡൽഹി: കോവിഡ്-19 മഹാമാരിയുടെ കരാളഹസ്തങ്ങൾ ബയോ സെക്യൂർ ബബിൾ ഭേദിച്ച് ടീമിനുള്ളിൽ എത്തിയതോടെ ഐപിഎൽ ട്വന്റി-20 മത്സരം റദ്ദാക്കി. കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രണ്ട് താരങ്ങൾ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന കോൽക്കത്ത x റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മത്സരം മാറ്റിവച്ചു.
നൈറ്റ് റൈഡേഴ്സിന്റെ കേരള വേരുകളുള്ള തമിഴ്നാട് സ്പിന്നർ വരുണ്‍ ചക്രവർത്തിയും മലയാളി പേസർ സന്ദീപ് വാര്യരുമാണ് കോവിഡ് പോസറ്റീവായത്. കഴിഞ്ഞ നാലു ദിവസത്തിനിടെ നടത്തിയ മൂന്നാം റൗണ്ട് പരിശോധനയിലാണ് ഇവർ പോസറ്റീവായത്.
ബാക്കി ടീം അംഗങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണെന്നും ടീം വൃത്തങ്ങൾ അറിയിച്ചു. കെകെആർ x ആർസിബി മത്സരം ഇനി എന്ന് നടക്കുമെന്ന് പിന്നീട് അറിയിക്കും. മേയ് 30നാണ് ഐപിഎൽ 2021 സീസണ് അവസാനിക്കുക.
ഇതാദ്യമായാണ് ഐപിഎൽ നടക്കുന്നതിനിടെ കളിക്കാർ കോവിഡ് ബാധിതരാകുന്നത്. ഐപിഎൽ ആരംഭിക്കുന്നതിനു മുന്‍പ് ബംഗളൂരുവിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ, ഡൽഹിയുടെ അക്സർ പട്ടേൽ, കോൽക്കത്തയുടെ നിതീഷ് റാണ എന്നിവർ കോവിഡ് പോസിറ്റീവ് ആയിരുന്നു.
കുടുംബാംഗങ്ങൾക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഡൽഹിയുടെ ആർ. അശ്വിനും കേരള വേരുകളുള്ള അന്പയർ നിതിൻ മേനോനും ഐപിഎൽ മതിയാക്കി വീട്ടിലേക്ക് മടങ്ങി. ഇന്ത്യയിൽ കുതിച്ചുയരുന്ന കോവിഡ് രോഗ ഭീതിയിൽ ചില വിദേശ താരങ്ങൾ സ്വദേശത്തേക്കു മടങ്ങിയിരുന്നു.
സിഎസ്കെ പോസിറ്റീവ്, നെഗറ്റീവ്
ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് പരിശീലകൻ എൽ. ബാലാജിക്കും സിഇഒ കാശി വിശ്വനാഥനും ബസ് ഡ്രൈവർക്കും കോവിഡ് ബാധിച്ചതിനെത്തുടർന്ന് ടീം പരിശീലനം റദ്ദാക്കി. ഞായറാഴ്ചയായിരുന്നു ഇവർ കോവിഡ് പോസിറ്റീവ് ആയത്. എന്നാൽ, ഇന്നലെ നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയി.
പോസിറ്റീവ് ആണെന്നുള്ള റിപ്പോർട്ട് തെറ്റായിരുന്നു എന്നാണ് ബിസിസിഐ ഇതിനു നൽകിയ വിശധീകരണം. ആർടി-പിസിആർ ടെസ്റ്റ് ആയിരുന്നു ആദ്യം നടത്തിയത്. ഇന്നലെ റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ ആണ് നെഗറ്റീവ് റിപ്പോർട്ട് കാണിച്ചത്. ബുധനാഴ്ച രാജസ്ഥാനെതിരേയാണ് സിഎസ്കെയുടെ അടുത്ത മത്സരം.
ഗ്രൗണ്ട് സ്റ്റാഫുകൾ പോസിറ്റീവ്
ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) അഞ്ച് ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. ഐപിഎൽ മത്സരങ്ങൾ നടക്കുന്ന അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകളാണ് ഇവർ. രോഗം ബാധിച്ച ജീവനക്കാർ ഐസൊലേഷനിലാണ്. ഇവർ ഡ്യൂട്ടിയിൽ ഇല്ലായിരുന്നു എന്ന് ഡിഡിസിഎ തലവൻ രോഹൻ ജെയ്റ്റ്ലി ഇന്നലെ അറിയിച്ചു. മേയ് എട്ടുവരെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ മത്സരങ്ങളുണ്ട്.
വരുണും സന്ദീപും…
തൃശൂർ സ്വദേശിയായ സന്ദീപ് വാര്യർ കേരള ക്രിക്കറ്റിന്റെ നിർണായക സാന്നിധ്യമാണ്. 2018-19 സീസണ് രഞ്ജി ട്രോഫിയിൽ കേരളം ചരിത്രത്തിൽ ആദ്യമായി സെമിയിൽ പ്രവേശിച്ചതിൽ സന്ദീപ് വാര്യറുടെ റോൾ ശ്രദ്ധേയമായിരുന്നു.
ആ സീസണിൽ 10 മത്സരങ്ങളിൽനിന്ന് 44 വിക്കറ്റ് വീഴ്ത്തിയിരുന്നു. 2019ലാണ് സന്ദീപ് ഐപിഎൽ ട്വന്റി-20യിൽ കോൽക്കത്ത നൈറ്റ് റൈഡഴ്സിന്റെ ഭാഗമായത്. ഈ സീസണിൽ ഇതുവരെ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെട്ടിട്ടില്ല. കെകെആറിനായി നാല് മത്സരങ്ങളിൽനിന്ന് രണ്ട് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
കെകെആറിന്റെ നിഗൂഢ സ്പിന്നറായി കഴിഞ്ഞ സീസണിൽ തരംഗം സൃഷ്ടിച്ച വരുണ്‍ ചക്രവർത്തിക്കും മലയാളി വേരുകൾ ഉണ്ട്. തിരുവനന്തപുരം ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ വിനോദ് ചക്രവർത്തിയുടെയും ഹേമമാലിനിയുടെയും മകനാണ് വരുണ്‍.
വിനോദ് ചക്രവർത്തിയുടെ അമ്മ മാവേലിക്കര സ്വദേശിയാണ്. 2019ലാണ് വരുണും കെകെആറിന്റെ ഭാഗമായത്. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽനിന്ന് 17 വിക്കറ്റ് സ്വന്തമാക്കി. ഈ സീസണിൽ ഏഴ് മത്സരങ്ങളിൽനിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.