നമ്മുടെ നാട്ടിലെ കസ്റ്റമര്‍ സര്‍വീസിംഗ് സെന്ററുകള്‍ കണ്ടുപഠിക്കണം ഈ മാതൃക. കേവലം പത്തു മിനിറ്റ് മാത്രം എടുക്കുന്ന കാര്‍ റിപ്പയര്‍ ചെയ്യാന്‍ ബെന്റ്ലെ കാര്‍ കമ്പനി തങ്ങളുടെ മെക്കാനിക്കിനെ അയച്ചത് 24,000 കിലോമീറ്റര്‍ അകലേക്ക്. കസ്റ്റമര്‍ സര്‍വീസിംഗ് ചരിത്രത്തില്‍ തന്നെ പുതിയ സംഭവമെന്നാണ് മാധ്യമങ്ങള്‍ ഈ സംഭവത്തെ വിലയിരുത്തുന്നത്. വെറും 4700 രൂപ വില വരുന്ന പാര്ട്സാണ് മാറ്റിയിട്ടത്. രണ്ടു രാജ്യങ്ങള്‍ പിന്നിട്ട യാത്രയെക്കുറിച്ച് കൂടുതല്‍ വായിക്കാം.
ഇംഗ്ലീഷുകാരനായ ബില്‍ ക്ലിന്റേര്ട്ട് എന്നയാള്‍ ബെന്റ്ലെയുടെ സ്പോര്‍ട്സ് കാറിന് ഉടമയാണ്. ചൈനയില്‍ നടക്കുന്ന മോട്ടോര്‍ റാലി മത്സരത്തില്‍ പങ്കെടുക്കാനായി യാത്ര തിരിച്ചു. എന്നാല്‍ മംഗോളിയയിലെത്തിയതോടെ കാറിന്റെ ബെയറിംഗ് തകരാറിലായി. മത്സരത്തിന്റെ പങ്കെടുക്കാന്‍ രണ്ടുദിവസം മാത്രം. വാഹനത്തിന്റെ പാര്‍ട്ട്സുകള്‍ അവിടെങ്ങും കിട്ടാനുമില്ല. ക്ലിന്റേര്ട്ട് നേരേ കമ്പനിയെ വിവരം അറിയിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്കുന്ന ബെന്റ്ലെ കമ്പനി പിന്നെ ഒന്നും ചിന്തിച്ചില്ല.
തങ്ങളുടെ മെക്കാനിക്കായ വില്യം മെഡ്കാഫിനെ വാഹനത്തിന്റെ പാര്‍ട്സുമായി നേരേ സംഭവസ്ഥലത്തേക്ക് അയച്ചു. ഇംഗ്ലണ്ടില്‍ നിന്നും ആദ്യ വിമാനത്തില്‍ നേരെ ദക്ഷിണ കൊറിയയിലേക്ക്. അവിടെനിന്ന് അടുത്ത വിമാനത്തില്‍ നേരേ മംഗോളിയയിലേക്ക്. മംഗോളിയയില്‍ വിമാനമിറങ്ങിയെങ്കിലും ഏകദേശം 550 കിലോമീറ്റര്‍ കൂടി റോഡു മാര്‍ഗം യാത്ര ചെയ്യണമായിരുന്നു കാര്‍ കിടക്കുന്ന സ്ഥലത്തെത്താന്‍. പാതിരാത്രിയില്‍ ടാക്സി കാറില്‍ മെക്കാനിക് കാര്‍ കിടക്കുന്ന മരുഭൂമിയിലേക്ക് യാത്ര തിരിച്ചു. വെളുപ്പിന് 7.30ഓടെ മെക്കാനിക് സംഭവസ്ഥലത്തെത്തുകയും കാര്‍ നന്നാക്കുകയും ചെയ്തു. വെറും 10 മിനിറ്റ് മാത്രമാണ് കാര്‍ നന്നാക്കാനെടുത്തത്.