രാജീവ് ഡി.പരിമണം
കൊല്ലം : ജില്ലയിൽ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് കുറഞ്ഞത് എൻഡിഎയെ വെട്ടിലാക്കിയിരിക്കുകയാണ്. ചാത്തന്നൂർ, പുനലൂർ മണ്ഡലങ്ങളിൽ വൻമുന്നേറ്റം ഇക്കുറി ഉണ്ടാക്കിയെങ്കിലും പൊതുവേ എണ്ണായിരത്തോളം വോട്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.
കുണ്ടറയിൽ ബഹുദൂരം പിന്നിൽ
ബിഡിജെഎസ് സ്ഥാനാർഥി മത്സരിച്ച കുണ്ടറയിലാണ് പാർട്ടി ബഹുദൂരം പിന്നിലായത്. ഇവിടെ കഴിഞ്ഞതവണ 20,257 വോട്ടാണ് എൻഡിഎയ്ക്ക് ലഭിച്ചത്. ഇത്തവണ 6,097 ആയി കുറഞ്ഞു. ഇത് ഏറെ വിവാദത്തിനിടവരുത്തിയിരിക്കുകയാണ്.
ഈ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥി പി.സി. വിഷ്ണുനാഥിന് ലഭിച്ചതായാണ് എൽഡിഎഫിന്റെ ആരോപണം. തദ്ദേശസ്ഥാപനങ്ങളിലും പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും ബിജെപി മണ്ഡലത്തിൽ നിലമെച്ചപ്പെടുത്തിയിരുന്നു.
ഇവിടെയുണ്ടായ വോട്ട് ചോർച്ച പാർട്ടി വരുംദിവസങ്ങളിൽ ചർച്ചചെയ്യും. ബിഡിജെഎസും പാർട്ടിയും തമ്മിൽ ഇവിടെ സ്ഥാനാർഥി നിർണയുമായി ബന്ധപ്പെട്ട് അൽപം ഭിന്നത നിലനിന്നിരുന്നതും ഘടകമായിട്ടുണ്ട്.
ശരിക്കും ആ വോട്ടുകൾ എവിടെപ്പോയി?
കരുനാഗപ്പള്ളിയിലും എൻഡിഎയുടെ വോട്ട് കുറഞ്ഞതിന് നേതാക്കൾ മറുപടി പറയേണ്ടിയിരിക്കുന്നു. ഇവിടെ 12,081 വോട്ടാണ് ലഭിച്ചത്.
കഴിഞ്ഞതവണ 19,115 വോട്ട് നേടിയിരുന്നു. വോട്ട് യുഡിഎഫ് സ്ഥാനാർഥി സി.ആർ മഹേഷിന് ലഭിച്ചുവെന്ന് എൽഡിഎഫ് ആരോപിക്കുന്പോൾ എൽഡിഎഫ് സ്ഥാനാർഥി ആർ.രാമചന്ദ്രന് ലഭിച്ചതായി യുഡിഎഫും ആരോപിക്കുന്നു.
മറുപടി പറഞ്ഞേ മതിയാകൂ…
കൊല്ലം മണ്ഡലത്തിൽ മൂവായിരത്തോളം വോട്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. വാശിയേറിയ മത്സരം നടന്ന കൊല്ലത്ത് വോട്ട് കുറഞ്ഞതും ചർച്ചയായിട്ടുണ്ട്. ഇവിടെ സിറ്റിംഗ് എംഎൽഎ എം.മുകേഷിന് 2,072 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. കഴിഞ്ഞതവണ 17,611 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുകേഷ് വിജയിച്ചത്.
ഇക്കുറി കഷ്ടിച്ച് അപ്പുറം കടക്കുകയായിരുന്നു. ബിജെപിയുടെ വോട്ട് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് എൽഡിഎഫ് പറയുന്നത്.ഇത് യുഡിഎഫ് സ്ഥാനാർഥി ബിന്ദുകൃഷ്ണയ്ക്ക് ലഭിച്ചിട്ടുണ്ടോയെന്നതും തർക്കവിഷയമാണ്. ഇരവിപുരത്ത് ബാബു ദിവാകരനെ വിജയിപ്പിക്കുവാൻ ബിജെപി വോട്ട് മറിച്ചെന്ന ആരോപണം ഉയരവെ എണ്ണായിരത്തോളം വോട്ടിന്റെ കുറവിന് പാർട്ടി മറുപടി പറയേണ്ടിവരും.
മുന്നേറ്റവുമുണ്ട്
അതേസമയം ചാത്തന്നൂർ, ചവറ, ചടയമംഗലം,കുന്നത്തൂർ മണ്ഡലങ്ങളിൽ എൻഡിഎ മുന്നേറ്റമുണ്ടാക്കി. ചാത്തന്നൂരിൽ താമരവിരിയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രണ്ടാംസ്ഥാനത്തൊതുങ്ങി. ഇവിടെ എൻഡിഎ സ്ഥാനാർഥി 34,280 വോട്ടാണ് നേടിയത്.
കഴിഞ്ഞതവണ നേടിയതിനെക്കാൾ പതിനായിരത്തോളം വോട്ടുകൾ കൂടുതൽ നേടാൻ കഴിഞ്ഞു. ഇവിടെ മാത്രമാണ് യുഡിഎഫ് സ്ഥാനാർഥി മൂന്നാംസ്ഥാനത്തായത്.ചവറയിൽ സീരിയൽ താരം വിവേക് ഗോപൻ കഴിഞ്ഞതവണത്തേക്കാൾ നാലായിരത്തിലേറെ വോട്ടുകൾ കൂടുതൽ പിടിച്ചു.
14,211വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ഇവിടെ 1096 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടത്. യുഡിഎഫിന് ലഭിക്കേണ്ട വോട്ട് ബിജെപി പിടിച്ചെടുത്തതായുള്ള ഒരു ആരോപണവും ചവറയിലുണ്ട്.കുന്നത്തൂരിൽ ആറായിരത്തോളം വോട്ടുകളുടെ വർധനയുണ്ട്.
പുനലൂരിൽ പതിനായിരത്തോളം വോട്ടുകളും ചടയമംഗലത്ത് മൂവായിരത്തോളം വോട്ടുകളും എൻഡിഎ സ്ഥാനാർഥികൾക്ക് കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ ലഭിച്ചിട്ടുണ്ട്. എങ്കിലും 2016ലെ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് കുറഞ്ഞത് ഇതിനകംതന്നെ ചർച്ചയായിട്ടുണ്ട്.