ലണ്ടൻ: പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനു വിട; മാഞ്ചസ്റ്റർ സിറ്റി ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നു. സെമിഫൈനൽ രണ്ടാം പാദത്തിൽ വീറോടെ പൊരുതിയ പിഎസ്ജിയെ ഇരുപാദങ്ങളിലുമായി 4-1ന് മറികടന്നാണ് സിറ്റിയുടെ മുന്നേറ്റം. ആദ്യ പാദത്തിൽ 2-1ന് സിറ്റി വിജയിച്ചിരുന്നു.
ബുധനാഴ്ച മാഞ്ചസ്റ്ററിൽ നടന്ന രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത രണ്ടു ഗോളിന് പിഎസ്ജിയെ തോൽപ്പിച്ചതോടെയാണ് മാഞ്ചസ്റ്റർ സിറ്റി ഫൈനൽ ഉറപ്പിച്ചത്. റിയാദ് മഹ്റെസിന്റെ ഇരട്ടഗോളാണ് സിറ്റിയുടെ വിജയമൊരുക്കിയത്.
11,63 മിനിറ്റുകളിലായിരുന്നു മഹ്റെസ് വലക്കുലുക്കിയത്. 69-ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതും പിഎസ്ജിക്ക് തിരിച്ചടിയായി.
മാഞ്ചസ്റ്റർ സിറ്റി ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നപ്പോൾ പിഎസ്ജിക്ക് ഒരിക്കൽ കൂടി കിരീടമില്ലാതെ മടങ്ങേണ്ടി വന്നു. വ്യാഴാഴ്ച നടക്കുന്ന റയലും ചെൽസിയും തമ്മിലുള്ള സെമി മറികടക്കുന്നവരാകും ഫൈനലിൽ സിറ്റിയെ നേരിടുക.