കോഴിക്കോട്: തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് മറിച്ചെന്ന ആരോപണമുയര്‍ത്തിയ സിപിഎമ്മിനെ കടന്നാക്രമിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
പല മണ്ഡലങ്ങളിലും സിപിഎമ്മിന്റെ വോട്ടുകൾ കുറയുകയാണ് ചെയ്തതെന്ന് സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
വർഗീയശക്തികളെ കൂട്ടുപിടിച്ചാണ് ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്തിയതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
മൃഗീയമായി ഭൂരിപക്ഷം നേടിയെന്ന് അവകാശപ്പെടുന്ന ഈ തെരഞ്ഞെടുപ്പിലും പല മണ്ഡലങ്ങളിലും സിപിഎമ്മിന് വോട്ട് കുറഞ്ഞിട്ടുണ്ട്.
പാലക്കാട് 2500 വോട്ട് സിപിഎമ്മിന് കുറഞ്ഞു. മഞ്ചേശ്വരത്ത് കഴിഞ്ഞ പ്രാവശ്യം കിട്ടിയതിനെക്കാൾ മൂന്നു ശതമാനം വോട്ടാണ് കുറഞ്ഞത്. വിജയിച്ച നേമത്ത് സിപിഎമ്മിന് വോട്ട് കുറവാണ്.
തൃപ്പൂണിത്തുറയിൽ 10,200ഓളം വോട്ടുകളാണ് 2016നെ അപേക്ഷിച്ച് സിപിഎമ്മിന് കുറഞ്ഞത്. കുണ്ടറയിലും കുറ്റ്യാടിയിലും കൊയിലാണ്ടിയിലുമൊക്ക അതുതന്നെ അവസ്ഥ.
ഉത്തരവാദിത്വമുള്ള സ്ഥാനത്തിരുന്ന് പിണറായി വിജയൻ വോട്ടുകച്ചവടമെന്ന അബദ്ധജടിലമായ വാദങ്ങൾ നിരത്തരുത്.
രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ എത്ര വോട്ടാണ് കുറഞ്ഞത്? അതൊക്കെ രാഹുൽ ഗാന്ധിക്ക് നിങ്ങൾ വിറ്റതാണോ?
ഇത്തരത്തിലുള്ള ആരോപണങ്ങൾ ഒരു രാഷ്ട്രീയ പർട്ടിക്കെതിരേ ഉന്നയിക്കുന്പോൾ സ്വന്തം പാർട്ടിയുടെ ചരിത്രം കൂടി മനസിലാക്കി സംസാരിക്കണം.
ശക്തമായ ത്രികോണ മത്സരമുണ്ടായ മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ട് കുറഞ്ഞിട്ടുണ്ട്. മുസ്ലിം വർഗീയശക്തികളെ കൂട്ടുപിടിച്ച് സിപിഎം നടത്തിയ പ്രചാരണം എസ്ഡിപി.ഐ നിഷേധിച്ചിട്ടില്ല.
നേമത്ത് ശിവൻകുട്ടിക്ക് 10,000 വോട്ട് കൊടുത്തുവെന്ന് എസ്ഡിപിഐ പറഞ്ഞിട്ട് പിണറായിയും ശിവൻകുട്ടിയും നിഷേധിച്ചില്ല.
യുഡിഎഫിനും ഇത്തരത്തിൽ സഹായം ലഭിച്ചിട്ടുണ്ട്. കൽപ്പറ്റയിൽ അതുണ്ടായിട്ടുണ്ടെന്ന് ശ്രേയാംസ്കുമാർ പറയുന്നു.
ഇ. ശ്രീധരൻ, കുമ്മനം എന്നിവരെ നിയമസഭ കാണിക്കരുതെന്ന് പലർക്കും താത്പര്യമുണ്ടായിരുന്നു. സമുദായം ഒന്നിച്ചുനിന്ന് ഇവരെ തോൽപിക്കണമെന്ന് ആഹ്വാനം ഉണ്ടായി.
ഷാഫിയും എ.കെ.എം. അഷ്റഫും സിദ്ദിഖും ജയിച്ചപ്പോൾ ആഹ്ലാദ പ്രകടനം നടത്തിയത് അവരുടെ പാർട്ടിക്കാർ മാത്രമല്ലല്ലോയെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
അപായകരമായ ഈ വിദ്വേഷ രാഷ്ട്രീയത്തിനും വർഗീയ രാഷ്ട്രീയത്തിനുമെതിരായ പ്രചാരണവും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും.
എവിടെയാണ് പാകപ്പിഴകൾ സംഭവിച്ചതെന്ന് തലനാരിഴ കീറി പരിശോധിച്ച് നടപടികൾ സ്വീകരിക്കും. നിയമസഭയിൽ പ്രവേശനം ലഭിച്ചില്ലെങ്കിലും പുറത്ത് ഞങ്ങൾ കളിക്കാനുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.