കോഴഞ്ചേരി: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു മുമ്പില്‍ മരണം പലപ്പോഴും തോറ്റു പിന്മാറുകയായിരുന്നു. മരണത്തെ വരവേല്‍ക്കാന്‍ അദ്ദേഹം കാത്തിരിക്കുകയുമായിരുന്നു.
തന്റെ പ്രസംഗങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം തിരുമേനി അതു വിവരിക്കുകയും ചെയ്തിട്ടുണ്ട്.
വലിയ മെത്രാപ്പോലീത്ത പദവിയേറ്റെടുത്ത് വിശ്രമജീവിതത്തിലായശേഷം ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ തിരുമേനി പറഞ്ഞു – മരണത്തെ എനിക്കു ഭയമില്ല, പക്ഷേ മരണം മറ്റുള്ളവര്‍ക്കു ദുഃഖമാണ്.
ദൈവം ദാനം ചെയ്ത ലോകത്തെയും കുടുംബത്തെയും സമൂഹത്തെയും സ്നേഹിക്കുന്നില്ലെങ്കില്‍ നാം നാമാകില്ല. അതുകൊണ്ട് ഈ സ്നേഹത്തില്‍ നിന്നുള്ള വേര്‍പാട് ദുഃഖകരമാണ്.
വിവാഹം കഴിഞ്ഞു ഭര്‍തൃഗൃഹത്തിലേക്കു പോകുന്ന പെണ്‍കുട്ടികള്‍ വിലപിക്കാറുണ്ടെങ്കിലും അവരുടെ ഹൃദയത്തില്‍ നിരാശയുണ്ടാകാനിടയില്ല.
മറിച്ചു മനസു നിറയെ പ്രത്യാശയായിരിക്കും (ഒരാഴ്ച കഴിഞ്ഞ് എന്താകുമെന്ന് എനിക്കറിയില്ല എന്നും തിരുമേനി കൂട്ടിച്ചേര്‍ക്കുന്നു).
ഞാന്‍ സ്നേഹിക്കുന്ന ലോകത്തെയും സഭയെയും സഹോദരങ്ങളെയും വിട്ടുപോകുമ്പോള്‍ ദുഃഖമുണ്ടാകും. എന്നാല്‍ എന്റെ മനസ് പ്രത്യാശ നിര്‍ഭരമായിരിക്കും.
ഇതാണ് ക്രൈസ്തവ വിശ്വാസം. ഈ ലോകം ശാശ്വതഭവനമല്ലെന്നാണ് ഞാന്‍ പഠിച്ചതും പഠിപ്പിച്ചതും. നിത്യഭവനം ദൈവത്തിന്റെ വലതുഭാഗത്താണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
പല രോഗങ്ങളും പലപ്പോഴായി തന്നെ വേട്ടയാടിയപ്പോഴും ഞാന്‍ ദുഃഖിച്ചില്ല. ദീര്‍ഘമായ ആയുസ് ദൈവം എനിക്കുതന്നുവെന്നാണ് എന്റെ വിശ്വാസം.
വളരെ ആളുകള്‍ക്കു സാധിക്കാത്ത കാര്യമാണിത്. ചരിത്രം ദൈവത്തിന്റെ കരങ്ങളിലാണെന്നു ഞാന്‍ വിശ്വസിക്കുന്നു. വ്യത്യസ്തമായ സംഭവങ്ങളിലൂടെയാണ് ദൈവം നമ്മെ അനുഗ്രഹിക്കുന്നത്. ദൈവം ഒരിക്കലും ശിക്ഷിക്കുന്നില്ല.
ദൈവാനുഗ്രഹങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുമ്പോഴാണ് അതു ശിക്ഷയായി രൂപാന്തരപ്പെടുന്നത്. പരീക്ഷ ശിക്ഷയല്ല. മനുഷ്യന് ദൈവത്തിന്റെ രക്ഷയില്‍ നിന്ന് അകലുന്നതാണ് ശിക്ഷ.
സഭാധ്യക്ഷ ചുമതലയില്‍ നിന്നൊഴിഞ്ഞ് 2018 മുതല്‍ പമ്പാ തീരത്തെ മാരാമണ്‍ റിട്രീറ്റ് സെന്ററിനോടു ചേര്‍ന്ന അരമനയിലാണ് വലിയ മെത്രാപ്പോലീത്ത താമസിച്ചത്.
നൂറിലേക്കടുക്കുന്ന ഇക്കാലയളവിലാണ് തിരുമേനി ഏറെ കര്‍മനിരതനായത്. വാഗണ്‍ആര്‍ കാറില്‍ ഡ്രൈവര്‍ എബിയോടൊപ്പം മാര്‍ ക്രിസോസ്റ്റം യാത്ര ചെയ്യാത്ത പാതകളുണ്ടായിരുന്നില്ല.
സമൂഹത്തില്‍ അദ്ദേഹം ഏറെ ഇടപെടലുകള്‍ നടത്തിയതും ഇക്കാലയളവിലാണ്.
103 ലെത്തിയ മെത്രാപ്പോലീത്ത ക്ഷീണാവസ്ഥ കാരണമാണ് കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലേക്കു മാറിയത്. 104 -ാം ജന്മദിനത്തിന്റെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹത്തിനു ക്ഷീണാവസ്ഥ രൂക്ഷമായത്.
തുടര്‍ന്ന് തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജിലേക്കു മാറ്റി അവിടെവച്ചായിരുന്നു കഴിഞ്ഞ ഏപ്രില്‍ 27നു ജന്മദിനം ആഘോഷിച്ചത്.
ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ആശുപത്രി മുറിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും നല്ല ബോധ്യത്തോടെ കുര്‍ബാന സ്വീകരിക്കുകയുമുണ്ടായി.
തുടര്‍ന്ന് പതിവുപോലെ വട്ടയപ്പം മുറിച്ച് ജന്മദിന സന്തോഷം പങ്കിട്ടു. കോവിഡ് പ്രോട്ടോക്കോള്‍ കാരണം സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.
തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ട് ഭക്ഷണംകഴിക്കുകയും പ്രാര്‍ഥനകള്‍ നടത്തുകുയും ചെയ്ത മാര്‍ ക്രിസോസ്റ്റം ഇന്നലെയാണ് ബിലീവേഴ്സ് ആശുപത്രി വിട്ടത്.
സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫിന്റെ നേതൃത്വത്തില്‍ കുമ്പനാട്ടെ ആശുപത്രി മുറിയില്‍ എത്തിച്ചു. വൈകുന്നേരം ഭക്ഷണം കഴിച്ച് പ്രാര്‍ഥന നടത്തി. രാത്രിയില്‍ അദ്ദേഹം ഏറെ സുബോധത്തോടു കൂടി തന്നെ യാത്രയായി.
സതീഷ് കുമാര്‍