ചെന്ത്രാപ്പിന്നി: തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ശാന്തയ്ക്കു നല്കിയ വാഗ്ദാനം നിറവേറ്റി യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റും നിയമസഭാ തെരഞ്ഞെടുപ്പിലെ കയ്പമംഗലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ശോഭ സുബിൻ.
ചെന്ത്രാപ്പിന്നി ചക്കുഞ്ഞി കോളനിയിലെ വലിയപറന്പിൽ ശാന്ത എന്ന തനിച്ചു താമസിക്കുന്ന വയോധികയ്ക്കാണു വാഗ്ദാനം ചെയ്ത ശൗചാലയം ശോഭ സുബിൻ നിർമിച്ചു നൽകിയത്.
പ്രചാരണ പര്യടനവേളയിൽ വോട്ടഭ്യർഥിക്കുന്നതിനു കോളനിയിൽ എത്തിയപ്പോഴാണ് ഒറ്റമുറി വീട്ടിൽ തനിച്ചു താമസിക്കുന്ന ശാന്ത തനിക്കു പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനു മതിയായ സൗകര്യങ്ങൾ ഇല്ലെന്നു ശോഭ സുബിനെ അറിയിക്കുന്നത്.
താൻ ഈ മണ്ഡലത്തിൽ ജയിച്ചാലും ഇല്ലെങ്കിലും അമ്മയുടെ ആവശ്യം നിറവേറ്റുന്നതായും തന്റെ പ്രഥമ പരിഗണനയെന്നു ശോഭ അവർക്ക് വാക്കു നൽകുകയും ചെയ്തിരുന്നു.
അഞ്ചുവർഷമായി തനിക്കു മതിയായ സൗകര്യങ്ങൾ ഇല്ലായിരുന്നെന്നും പല വാതിലുകൾ മുട്ടിയിട്ടും നടക്കാതിരുന്നതു ശോഭ സുബിൻ പ്രാവർത്തികമാക്കി തന്നതിൽ താൻ സന്തുഷ്ടവതിയാണെന്നും ശാന്ത സന്തോഷം പങ്കുവച്ചു.
മണ്ഡലം പ്രസിഡന്റ് ഉമറുൽ ഫാറൂഖ്, യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി സലിം ചാമക്കാല, പത്താം ബൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് നാസർ ചാമക്കാല എന്നിവർ സന്നിഹിതരായി.