മുബൈ: രാജ്യത്ത് 5ജി ട്രയലുകൾ നടത്താൻ ടെലികോം കന്പനികൾക്ക് അനുമതി നൽകി ടെലികോം മന്ത്രാലയം.
ട്രയലിന് അനുമതി തേടി റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോണ്, എംടിഎൻഎൽ എന്നീ കന്പനികൾ നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു.
തങ്ങൾ 5ജി പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്ന ഗിയറുകളുടെയും സാങ്കേതിക വിദ്യയുടെയും വിശദാംശങ്ങളും കന്പനികൾ വിശദമായി അപേക്ഷയൊടൊപ്പം സമർപ്പിച്ചിരുന്നു.
ഇവ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയശേഷമാണ് ടെലികോം മന്ത്രാലയം കന്പനികൾക്ക് അനുമതി നൽകിയിരിക്കുന്നത്.
ടെലികോം കന്പനികൾ നെറ്റ്വർക്ക് ഗിയറുകൾക്കും മറ്റുമായി ആശ്രയിക്കുന്ന കന്പനികളുടെ നിരയിൽ എറിക്സൻ, നോകിയ, സാംസംഗ്, സി-ഡോട്ട് എന്നീ കന്പനികളാണുള്ളത്. റിലയൻസ് തങ്ങളുടെ തന്നെ സാങ്കേതികവിദ്യയും ഗിയറുകളുമാണ് ഉപയോഗിക്കുന്നത്.
അതേസമയം മുൻവർഷങ്ങളിൽ ടെലികോം കന്പനികൾ കൂടുതലായി ആശ്രയിച്ചിരുന്ന ചൈനീസ് കന്പനികൾ ഇക്കുറി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
വാവെ, സഡ് ടി ഇ എന്നീ ചൈനീസ് കന്പനികളെയാണ് 4ജി, 3ജി സംവിധാനങ്ങൾക്കായി രാജ്യത്തെ ടെലികോം കന്പനികൾ നേരത്തെ വ്യാപകമായി ആശ്രയിച്ചിരുന്നത്.
എന്നാൽ അതിർത്തിയിലെ സംഘർഷത്തെത്തുടർന്ന് ചൈനീസ് കന്പനികളെ ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകുകയായിരുന്നു.
ട്രയലുകളിൽനിന്നൊഴിവാക്കിയ സ്ഥിതിക്ക് രാജ്യത്ത് 5ജി സംവിധാനം നടപ്പിലാക്കുന്പോഴും ചൈനീസ് കന്പനികൾക്ക് വിലക്കുണ്ടാകുമെന്നാണ് വിവരം.
ആറു മാസമാണ് ട്രയലിനുളള കാലാവധി. ഇതിൽ രണ്ടു മാസം ഉപകരണങ്ങളും മറ്റും സ്ഥാപിക്കുന്നതിനു വേണ്ടിയുള്ളതാണ്.
പരീക്ഷണങ്ങൾ നഗരപ്രദേശങ്ങളിൽ നടത്തുന്നതിനു പുറമേ ചെറു നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും നടത്തണമെന്ന് ടെലികോം മന്ത്രാലയം കന്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ട്രയൽ വാണിജ്യാടിസ്ഥാനത്തിൽ നടത്താൻ പാടില്ല. പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്ന വിവരങ്ങൾ ഇന്ത്യയിൽതന്നെ സൂക്ഷിക്കണമെന്നും ടെലികോം മന്ത്രാലയം കന്പനികൾക്ക് നിർദേശം നൽകി.