ചാലക്കുടി: പോട്ടയിൽ വ്യാപാരിയേയും കുടുംബത്തേയും വീട്ടിൽ കയറി ആക്രമിക്കുകയും വീടും വാഹനങ്ങളും തല്ലിത്തകർക്കുകയും ചെയ്തു. ആളൂരിൽ സ്റ്റേഷനറികട നടത്തുന്ന പോട്ട കൈനാടത്തുപറന്പിൽ ജസ്റ്റിന്റെ വീടിനു നേരെയാണ് ഒരു സംഘം ആളുകൾ കയറി ആക്രമണം നടത്തിയത്.
പരിക്കേറ്റ ജസ്റ്റിനെയും ഭാര്യ ജിജിയേയും മൂന്നു വയസുള്ള കുട്ടിയേയും പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞദിവസം രാത്രി ഒന്പതോടെയാണ് ആക്രമണം ഉണ്ടായത്. വാതിലിൽ മുട്ടിവിളിച്ചപ്പോൾ വാതിൽ തുറന്ന ജസ്റ്റിനെ അക്രമികൾ മർദിക്കുകയായിരുന്നു.
തടയാൻചെന്ന ഭാര്യ ജിജിക്കും മർദനമേറ്റു. ജിജിയുടെ കൈയിലുണ്ടായിരുന്ന മൂന്നു വയസുള്ള കുഞ്ഞിന്റെ മുഖത്തടിച്ചതിനെ തുടർന്ന് കണ്ണിനു പരിക്കേറ്റു.വീട്ടുമുറ്റത്തു പാർക്കുചെയ്തിരുന്ന രണ്ടു കാറുകളുടെ ചില്ലുകളും വീടിന്റെ ജനൽ ചില്ലുകളും വടിവാൾകൊണ്ടു തല്ലിത്തകർക്കുകയായിരുന്നു.
ഇതിനിടയിൽ വാതിൽ അടച്ചശേഷം പോലീസ് സ്റ്റേഷനിലേക്ക് ഫോണ് വിളിച്ച് പോലീസ് എത്തിയപ്പോഴേക്കും അക്രമികൾ സ്ഥലംവിട്ടു.മൂന്നു ബൈക്കുകളിലായി എത്തിയ നാലു പേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. ആളൂരിൽ സ്റ്റേഷനറി കട നടത്തുന്ന ജസ്റ്റിന്റെ കടയുടെ സമീപം ഒരു സംഘം ആളുകൾ സ്ഥിരമായി മദ്യപാനവും ബഹളവും നടത്തിയിരുന്നു.
ശല്യം സഹിക്കാതെവന്നപ്പോൾ ജസ്റ്റിൻ ഇതു തുടർന്നാൽ പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. ചാലക്കുടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.