സ്വന്തം ലേഖകൻ
തൃശൂർ: റൂബിക്സ് ക്യൂബ് ഉപയോഗിച്ച് ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിൽ പോർട്രെയ്റ്റുകൾ ആവിഷ്കരിക്കുന്ന പത്താം ക്ലാസുകാരൻ തൃശൂരിന് അഭിമാനമാകുന്നു.
അയ്യന്തോൾ സ്വദേശി ഗിരീഷ് മൂക്കോനിയുടെയും ബിന്ധ്യ മാനഴിയുടെയും മകൻ അദ്വൈതാണ് റൂബിക്സ് ക്യൂബ് ഉപയോഗിച്ച് പ്രശസ്തരുടെ ചിത്രങ്ങൾ ഒരുക്കുന്നത്.
10 സെക്കൻഡ് കൊണ്ട് റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന ഈ മിടുക്കൻ അപ്രതീക്ഷിതമായാണ് ക്യൂബുകൾ കൊണ്ട് ഇത്തരമൊരു ചിത്രകലാരീതി സാധ്യമാക്കാം എന്നു കണ്ടെത്തിയത്.
ആദ്യം അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്ന കുടുംബത്തത്തന്നെ കാൻവാസിലേക്കു ക്യൂബുകൾ കൊണ്ട് പകർത്തി അദ്വൈത് ആവിഷ്കരിച്ചു.
പിന്നീടാണ് പ്രശസ്തരായവരുടെ മുഖങ്ങൾ ക്യൂബുകളാൽ ആവിഷ്കരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, സച്ചിൻ തെണ്ടുൽക്കർ, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, മഹാകവി കുമാരനാശാൻ, രജനീകാന്ത്, മഞ്ജു വാര്യർ, ഗായിക ചിത്ര, നടൻ അജിത്ത് തുടങ്ങി മുപ്പതിലധികം പേരുടെ മുഖഭാവങ്ങൾ ക്യൂബുകളാൽ അദ്വൈത് കാൻവാസിൽ ഒരുക്കിയിട്ടുണ്ട്.
ക്യൂബുകൾ കൊണ്ട് തന്റെ മുഖം ആവിഷ്കരിച്ച അദ്വൈതിനെ സ്റ്റൈൽ മന്നൻ രജനീകാന്ത് ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.
മഞ്ജു വാര്യരും ഗായിക ചിത്രയും തങ്ങളുടെ അഭിനന്ദനം ഈ കൊച്ചുമിടുക്കനെ ഫോണിലൂടെ അറിയിച്ചു. മുന്നൂറോളം ക്യൂബുകൾ ഉപയോഗിച്ചാണ് ഒരു ചിത്രം പൂർത്തിയാക്കുന്നത്.
അരമണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ സമയം പല ചിത്രങ്ങളും പൂർത്തിയാക്കാൻ എടുത്തു.
വെറും 56 മിനിറ്റ് കൊണ്ടാണ് യുഎഇയിലെ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദിന്റെ മൊസൈക് പോർട്രെയ്റ്റ് ക്യൂബുകൾ ഉപയോഗിച്ച് അദ്വൈത് തീർത്തത്.
ഇതിന് അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സിന്റെ അംഗീകാരം കിട്ടി. യുആർഎഫ് ഏഷ്യൻ റിക്കാർഡ് അംഗീകാരവും ഈ മിടുക്കന് സ്വന്തമാക്കിക്കഴിഞ്ഞു.
രാഷ്ട്രപതിഭവനിലേക്ക് ഇന്ത്യയിലെ എല്ലാ രാഷ്ട്രപതിമാരുടെയും ക്യൂബിൽ തീർത്ത ചിത്രങ്ങൾ സമ്മാനിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് അദ്വൈത്.
എറണാകുളത്തു ഭാരതീയ വിദ്യാഭവനിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് അദ്വൈത്. അവന്തികയാണ് സഹോദരി.