തൊടുപുഴ: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മാസ്കുകൾക്ക് വിപണിയിൽ വില ഉയരുന്നത് ജനങ്ങൾക്ക് അധിക ബാധ്യതയായി മാറുന്നു. കടകളിലും മെഡിക്കൽ സ്റ്റോറുകളിലും മാസ്കുകൾക്ക് തോന്നുംപടിയാണ് വില ഈടാക്കുന്നത്.
പ്രതിരോധ പ്രവർത്തനത്തിൽ ഏറ്റവും അവശ്യ വസ്തുവായ മുഖാവരണം ഇപ്പോൾ എല്ലാ കടകളിലും വിൽപ്പനയ്ക്കുണ്ട്.
വലിയ കന്പനികൾ പുറത്തിറക്കുന്ന മാസ്കുകൾക്കു പുറമെ പ്രാദേശിക തലങ്ങളിൽ തയ്യൽ യൂണിറ്റുകളിലും മറ്റും മാസ്ക് നിർമിച്ചുവരുന്നുണ്ട്.
എന്നാൽ ഇപ്പോഴത്തെ വർധിച്ച ആവശ്യകത മുതലെടുത്താണ് മാസ്കിനും സാനിറ്റൈസറിനും വില കുത്തനെ വർധിപ്പിക്കുന്നത്.
കൂടുതൽ ആളുകളുമായി സന്പർക്കം പുലർത്തേണ്ട മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെല്ലാം പ്രവർത്തിക്കുന്നവർ മുഖാവരണം ധരിക്കണമെന്ന നിർദേശത്തെതുടർന്ന് മാസ്കിന് ആവശ്യക്കാർ ഏറിയിട്ടുണ്ട്.
ഓഫീസുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ രണ്ടു മാസ്്കുകൾ ധരിക്കണമെന്നാണ് നിർദേശം. തുണി മാസ്കിനോടൊപ്പം ഒരു സർജിക്കൽ മാസ്്കു കൂടി ധരിക്കണമെന്നാണ് അധികൃതരുടെ പുതിയ നിർദേശം.
നേരത്തെ ആരോഗ്യ പ്രവർത്തകരാണ് സർജിക്കൽ മാസ്ക് കൂടുതലായി ധരിച്ചിരുന്നത്. ഇപ്പോൾ ഡബിൾ മാസ്ക് ധരിക്കണമെന്ന നിർദേശത്തെതുടർന്ന് സർജിക്കൽ മാസ്കിന് ആവശ്യക്കാരേറി.
എന്നാൽ മൂന്നുരൂപയ്ക്ക് ലഭിച്ചിരുന്ന സർജിക്കൽ മാസ്കിന് ഇപ്പോൾ ഏഴുരൂപ വരെയാണ് പല മെഡിക്കൽ സ്റ്റോറുകളിലും ഈടാക്കുന്നത്.
മൊത്ത വിതരണക്കാർ വില കൂട്ടുന്നതാണ് മാസ്കിന് വില ഉയരാൻ കാരണമെന്ന് മെഡിക്കൽ സ്റ്റോറുടമകളും പറയുന്നു.
കൂടാതെ മാസ്കിന് നേരിടുന്ന ക്ഷാമവും വില ഉയരാനുള്ള കാരണമായി പറയപ്പെടുന്നുണ്ട്. സാനിറ്റൈസറിനും ഇപ്പോൾ വിപണിയിൽ വിലക്കയറ്റം പ്രകടമാണ്.
കോവിഡ് വ്യാപനം രൂക്ഷമായതോടെ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും സാനിറ്റൈസറും അഡ്രസ് ബുക്കും നിർബന്ധമാക്കി. ഇതോടെയാണ് സാനിറ്റൈസറിന് ആവശ്യക്കാരേറിയത്.
കൂടാതെ ഒട്ടേറെ പേർ ഇപ്പോൾ ചെറിയ സാനിറ്റൈസർ ബോട്ടിലുകൾ കൈയിൽ കരുതുന്നുമുണ്ട്.
ഇത്തരത്തിൽ ആവശ്യക്കാരേറിയതോടെയാണ് സാനിറ്റൈസറിനും വിലയേറിയത്.
സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വേളയിൽ മാസ്കിനും സാനിറ്റൈസറിനും വില ഉയർന്നത് ജനങ്ങൾക്ക് ഇരട്ടി പ്രഹരമായിട്ടുണ്ട്