കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഗംഭീര വിജയത്തിനുശേഷം മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. തുടർച്ചയായ മൂന്നാംവട്ടമാണ് മമത മുഖ്യമന്ത്രിയാകുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന ജനപ്രതിനിധികളുടെ യോഗം ഐക്യകണ്ഠേന മമതയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ബിമൻ ബാനർജി പ്രോടെം സ്പീക്കറാകും. 294 അംഗ നിയമസഭയിലെ 292 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ 213 സീറ്റ് നേടി.
2016ൽ 211 സീറ്റാണ് തൃണമൂലിനു ലഭിച്ചത്. ബിജെപിക്ക് ലഭിച്ചത് 77 സീറ്റു മാത്രം. ദശകങ്ങളോളം ബംഗാൾ ഭരിച്ച ഇടതും കോൺഗ്രസും ചിത്രത്തിൽ തന്നെയില്ല.
നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതാ ബാനർജിക്ക് ആറു മാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.