കിഴക്കമ്പലം: കോൺഗ്രസിലായിരുന്നപ്പോൾ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ സ്ഥാനാർഥിത്വവും എംഎൽഎ സ്ഥാനവും ഇടത് ക്യാമ്പിലെത്തി തിരിച്ചു പിടിച്ച ആവേശത്തിലാണ് കുന്നത്തുനാട്ടിലെ നിയുക്ത എംഎൽഎ പി.വി. ശ്രീനിജിൻ.
2011 ലെ തിരഞ്ഞെടുപ്പിൽ സംവരണ മണ്ഡലമായ കുന്നത്തുനാട്ടിലേക്ക് കോൺഗ്രസിലെ ഏക പേരുകാരനായിരുന്നു ശ്രീനിജിൻ.
2006 ൽ സിപിഎം കോട്ടയായിരുന്ന ഞാറക്കലിൽ കോൺഗ്രസ് സ്ഥാനാർഥിയായി നടത്തിയ മികച്ച പ്രകടനമായിരുന്നു ഇതിനു കാരണം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനും മാസങ്ങൾക്ക് മുന്പേ അദേഹം കുന്നത്തുനാട്ടിലെത്തി. തദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണ രംഗത്തും സജീവമായി.
ഇതിന് ശേഷമാണ് അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി ബന്ധപ്പെട്ട് ഇദേഹത്തിനെതിരേ വിവാദമുയർന്നത്.
മാധ്യമങ്ങൾ പ്രശ്നം സജീവമായി കൈകാര്യം ചെയ്തതോടെ കോൺഗ്രസ് നേതൃത്വവും ഇദേഹത്തെ കൈവിട്ടു.
അതോടെ ശ്രീനിജിൻ പൊതുരംഗം ഉപേക്ഷിക്കുകയും 2011 ൽ വി.പി.സജീന്ദ്രൻ വൈക്കത്തുനിന്ന് കുന്നത്തുനാട്ടിലെത്തി കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിക്കുകയും ചെയ്തു.
സ്ഥാനാർത്ഥിത്വം തട്ടിയെടുക്കാൻ ഒരുക്കിയ തിരക്കഥയായിരുന്നു ആരോപണങ്ങളെന്ന് പിന്നീട് വെളിപ്പെടുത്തലുകൾ ഉണ്ടായതോടെ 2016 ൽ വീണ്ടും ശ്രീനിജിൻ പൊതുരംഗത്ത് സജീവമായി. പക്ഷേ ഇത്തവണ അത് എൽഡിഎഫ് ക്യാമ്പിലായിരുന്നു എന്ന് മാത്രം.
കുന്നത്തുനാട്ടിലെ ഇടത് സ്ഥാനാർഥിയായിരുന്ന ഷിജി ശിവജിയുടെ പ്രചാരണ ചുമതലയും സിപിഎം ഇദേഹത്തിന് നൽകി.വാശിയേറിയ മത്സരത്തിനൊടുവിൽ ഷിജി ശിവജി യെ തോൽപിച്ച് വി.പി.സജീന്ദ്രൻ തന്നെ എംഎൽഎയായി.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ട്വന്റി-20 സാന്നിധ്യം കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ ത്രികോണമത്സരം നടന്ന കുന്നത്തുനാട്ടിൽ ഇക്കുറി സിപിഎം സ്ഥാനാർഥിത്വം നൽകിയത് ശ്രീനിജിനാണ്.
വാശിയേറിയ മത്സരത്തിനൊടുവിൽ വി.പി.സജീന്ദ്രനെ അട്ടിമറിച്ച് ശ്രീനിജിൻ നിയമസഭയിലേക്കെത്തുമ്പോൾ പത്ത് വർഷത്തെ അദേഹത്തിന്റെ കാത്തിരിപ്പിനാണ് അന്ത്യമാകുന്നത്.
പത്തുവർഷം താൻ മനസിൽ സൂക്ഷിച്ച ഒരു കനൽ എടുത്ത് കളഞ്ഞെന്നാണ് ഇതേ കുറിച്ച് അദേഹത്തിന്റെ പ്രതികരണം.