പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ 935 ബസുകൾ കണ്ടം ചെയ്യുന്നു. ആദ്യഘട്ടത്തിൽ 635 ബസുകൾ കണ്ടം ചെയ്യാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. ബസുകൾ ഉപയോഗയോഗ്യമാണോ എന്ന് പരിശോധിക്കാൻ നിയോഗിച്ച സാങ്കേതിക വിദഗ്ധരുടെ സമിതിയുടെ റിപ്പോർട്ട് കിട്ടിയാൽ മാത്രം മതി.
നിലവിലുള്ള 6185 ബസുകളിൽ 1935 ബസുകൾ ഇപ്പോൾ 11 കേന്ദ്രങ്ങളിലായി ഒതുക്കിയിട്ടിരിക്കയാണ്. ഇവ സർവീസിന് അയയ്ക്കുന്നില്ല.ഇത്രയും ബസുകൾ ഒതുക്കിയിട്ടിരിക്കുന്നത് മുലം 1354 ലക്ഷം രുപ ഇൻഷുറൻസ് ഇനത്തിൽ മാത്രം ലാഭിക്കാൻ കഴിയുമെന്നാണ് കോർപ്പറേഷന്റെ വിലയിരുത്തൽ.
ഒരു ബസിന് ഇൻഷുറൻസ് പ്രീമിയമായി 70,000 രുപയോളമാണ് അടയ്ക്കേണ്ടത്. കൂടാതെ ഇവയുടെ സിഎഫ് (സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ്) യഥാസമയം നടത്തുന്നതിനുള്ള ചിലവുകൾ, മറ്റ് സംരക്ഷണ ചിലവുകൾ എന്നിവയും ലാഭിക്കാമെന്നാണ് കോർപ്പറേഷന്റെ നിലപാടും തീരുമാനവും.
6185 ബസുകളിൽ കോവിഡ് കാലത്തിന് മുമ്പുവരെ 4800 ബസുകളാണ് സർവീസ് നടത്തിയിരുന്നത്. കോവിഡ് ബാധിച്ചതോടെ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം 3200 ആയി. കോ വിഡ് രണ്ടാം ഘട്ടത്തോടെ ഇതിന്റെ പകുതി മാത്രമാണ് നിരത്തിലിറക്കുന്നത്.ഡിസംബറോടെ 3800 ബസുകൾ സർവീസ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
അന്ന് സർവീസ് നടത്താൻ കഴിയുന്ന 3800 ബസുകളും ഇതിന്റെ റിസർവായി 15 ശതമാനം ബസുകളും ഉൾപ്പെടെ 4250 ബസുകൾ സംരക്ഷിച്ചാൽ മതിയെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന കോർപ്പറേഷൻ ഡയറക്ടർ ബോർഡിന്റെ തീരുമാനം.പഴക്കം ചെന്നതും ഉപയോഗ യോഗ്യമല്ലാത്തതുമായ ബസുകൾ കണ്ടം ചെയ്യാനാണ് മാനേജ്മെന്റിന്റെ നിലപാട്.
നല്ല നിലയിൽ ഓടികൊണ്ടിരുന്ന ലാഭകരമായ സർവീസുകളും മുടക്കി കണ്ടം ചെയ്യാൻ മാറ്റിയെന്ന് ജീവനക്കാർ. കോർപ്പറേഷൻ ബസുകളുടെ എണ്ണം കുറയ്ക്കുന്നത് ഗ്രാമീണ മേഖലകളിലെ യാത്രക്കാരെ ദുരിതത്തിലാക്കുമെന്നും ജീവനക്കാരുടെ തൊഴിലവസരം നഷ്ടപ്പെടുത്തുമെന്നും ജീവനക്കാർ ആശങ്ക പങ്കുവച്ചു.
ബസുകളുടെ എണ്ണം കുറയ്ക്കുന്നതോടെ ഇനി കോർപ്പറേഷനിൽ നിയമനം ഉണ്ടാവാൻ സാധ്യതയില്ല.ഡിസമ്പറിന് ശേഷം 3300 സർവീസുകൾ നടത്താനും റിസർവ് ആയി എല്ലാ ഡിപ്പോകളിലുമായി 500 ബസുകളും ജില്ലാ റിസർവേ പുളിൽ 450 ബസുകളും മതിയെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകരൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ച ഉത്തരവിൽ വ്യക്തമാക്കുന്നത്.
കണ്ടം ചെയ്യാൻ മാറ്റിയിട്ടുള്ള ബസുകളിലെ എഞ്ചിൻ, ഗിയർബോക്സ്, ഫ്രണ്ട് ആക്സിസിൽ, റേഡിയേറ്റർ തുടങ്ങി എല്ലാ സ്പെയർ പാർട്സുകളും ഇളക്കി മാറ്റി സൂക്ഷിക്കാനും നിർദേശം നൽകി കഴിഞ്ഞു. ബസിന്റെ ബോഡി മാത്രമായിരിക്കും ലേലം ചെയ്യുന്നത്.