കൊച്ചി: എൻഡിഎ വൈപ്പിൻ നിയോജകമണ്ഡലം കൺവീനർ രഞ്ജിത്ത് രാജ്വിയുടെ വീട്ടിൽ തെരഞ്ഞെടുപ്പുകാലത്ത് മന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർ അത്താഴവിരുന്നിൽ പങ്കെടുത്തത് വിവാദമാകുന്നു.
മന്ത്രിയെ കൂടാതെ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ഉണ്ണികൃഷ്ണനും സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗങ്ങളും അടക്കമുള്ളവരുമാണ് വിരുന്നിൽ പങ്കെടുത്തത്.
ഏതാനും എസ്എൻഡിപി ശാഖാ ഭാരവാഹികളും എത്തിയിരുന്നു. എല്‍ഡിഎഫ്-ബിജെപി വോട്ടുകച്ചവടത്തിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചു.
മന്ത്രി അത്താഴവിരുന്നിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും യുഡിഎഫ് പുറത്തുവിട്ടിട്ടുണ്ട്.
എന്‍ഡിഎ കണ്‍വീനറുടെ ഭാര്യ എസ്എന്‍ഡിപി വനിതാസംഘം സംസ്ഥാന പ്രസിഡന്റുകൂടിയാണ്.
മാര്‍ച്ച് 28നു തോമസ് ഐസക് ചെറായിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനു വന്ന ദിവസം രാത്രിയിലാണ് അത്താഴ വിരുന്നൊരുക്കിയതെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.എസ്. സോളിരാജ് ആരോപിച്ചു.
വൈപ്പിനില്‍ 25,000 ത്തോളം വോട്ടുകള്‍ നേടുമെന്നതായിരുന്നു എന്‍ഡിഎ ഇക്കുറി പോളിംഗ് കഴിഞ്ഞപ്പോള്‍ അവകാശപ്പെട്ടത്.
എന്നാല്‍ ലഭിച്ചതാകട്ടെ 13,540 വോട്ടുകള്‍ മാത്രമാണ്. ഇതാകട്ടെ 2019ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വൈപ്പിന്‍ മണ്ഡലത്തില്‍നിന്നും എന്‍ഡിഎ സ്ഥാനാര്‍ഥി നേടിയതിനെക്കാളും 1400 വോട്ടുകള്‍ കുറവാണ്.
ഇതു തന്നെ വോട്ടുകള്‍ കച്ചവടം നടന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും തോമസ് ഐസക്കും ബിഡിജെഎസ് കണ്‍വീനറുടെ വസതിയില്‍ പോയത് കണ്‍വീനറെ കാണാനല്ല മറിച്ച് അദ്ദേഹത്തിന്റെ ഭാര്യയും പൊതു പ്രവര്‍ത്തകയുമായ എസ്എന്‍ഡിപി വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരിയെ കാണാനെന്ന് വൈപ്പിന്‍ എല്‍ഡിഎഫ് തെരഞ്ഞെടപ്പ് കമ്മിറ്റി ട്രഷറര്‍ എ.പി. പ്രിനില്‍ വ്യക്തമാക്കി.
മണ്ഡലത്തിലെ പ്രമുഖരുടെ വസതി സന്ദര്‍ശനം എല്ലാ സ്ഥാനാര്‍ഥികളും നടത്താറുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.