സുരേഷ് ബാബു
തിരുവനന്തപുരം: ഭീമാ ജ്വല്ലറി ഉടമ ഭീമാ ഗോവിന്ദന്റെ വീട്ടിൽ കവർച്ച നടത്തിയ ബീഹാർ സ്വദേശിയായ അന്തർ സംസ്ഥാന മോഷ്ടാവ് റോബിൻ ഹുഡ് എന്നറിയപ്പെടുന്ന മുഹമ്മദ് ഇർഫാൻ ഗോവയിൽ പിടിയിലായതായി സൂചന.
കഴിഞ്ഞ ദിവസം ഗോവയിൽ ഒരു കവർച്ചാ ശ്രമത്തിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.മുഹമ്മദ് ഇർഫാൻ പിടിയിലായ വിവരം ഗോവ പോലീസ് കേരള പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ അറിയിച്ചു.
മുഹമ്മദ് ഇർഫാനെതിരെ കേരളാ പോലീസ് ലുക്ക് ഔട്ട് നോട്ടിസ് ഉൾപ്പെടെ പുറത്തിറക്കിയിരുന്നു. കൂടാതെ കർണാടക, ആന്ധ്ര, ഡൽഹി പോലീസിനും ഇയാളുടെ ചിത്രങ്ങൾ അയച്ചു കൊടുത്തിരുന്നു.
ചിത്രങ്ങൾ കണ്ട ഡൽഹി പോലീസാണ് ഗോവിന്ദന്റെ വീട്ടിൽ കവർച്ച നടത്തിയത് മുഹമ്മദ് ഇർഫാനാണെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ ഇയാളെ പിടികൂടാൻ ഇതുവരേയും സാധിച്ചിരുന്നില്ല.
കഴിഞ്ഞ വിഷു ദിനത്തിൽ പുലർച്ചെയാണ് ഭീമാ ഗോവിന്ദന്റെ വീട്ടിൽ കവർച്ച നടന്നത്. രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്.
സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു. കവടിയാറിലെ അതീവ സുരക്ഷാമേഖലയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരും കാവൽ വളർത്തുനായ്ക്കളുമുള്ള വീട്ടിലാണ് പുലർച്ചെ മോഷണം നടന്നത്.മുഹമ്മദ് ഇർഫാനെതിരെ ഡൽഹിയിലും കവർച്ചാകേസുകളുണ്ട്.