ആലപ്പുഴ: സംവിധായകൻ ശ്രീകുമാർ മേനോൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ.
ശ്രീ വത്സം ഗ്രൂപ്പിന്റെ പരാതിയിൽ ആലപ്പുഴ സൗത്ത് പോലീസ് ആണ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്.
സിനിമ നിർമിക്കാനായി ശ്രീവത്സം ഗ്രൂപ്പിൽ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
എട്ടുകോടി രൂപയാണ് ഈ വ്യവസായ ഗ്രൂപ്പിൽ നിന്നും വാങ്ങിയത്. എന്നാൽ സിനിമ നിർമിക്കുന്നത് സംബന്ധിച്ച് പിന്നീട് ഒരു വിവരവും ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു.
പല തവണ ബന്ധപ്പെട്ടിട്ടും കൃത്യമായി വിവരം നൽകാതിരുന്നതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഈ കേസിൽ മുൻകൂർ ജാമ്യ അപേക്ഷ ആലപ്പുഴ കോടതി തള്ളിയതോടെ ആണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടിൽ നിന്നുമാണ് ആലപ്പുഴ ഡിവൈഎസ്പി പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഒടിയൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ആയ ശ്രീകുമാർ മേനോൻ നേരത്തെ എം.ടിയുമായും തിരക്കഥയുമായി ബന്ധപ്പെട്ടു കേസുണ്ടായിരുന്നു.
രണ്ടാമൂഴം എന്ന നോവലിന്റെ തിരക്കഥ സിനിമ ആക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു എം. ടി വാസുദേവൻ നായർ കോടതിയെ സമീപിച്ചത്. ഒടുവിൽ ഈ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ 2019-ൽ ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തിരുന്നു.