കൊല്ലങ്കോട്: വടവന്നൂർ എംജിആർ സ്മാരകാലയത്തിൽ കരിങ്കല്ലിൽ തീർത്ത ശിലാഫലകം സന്ദർശകർക്ക് കൗതുക കാഴ്ചയാവുകയാണ്. ചെന്നൈ മുൻ മേയർ സൈദൈ ദൊരൈസ്വാമിയാണ് അന്പത് ലക്ഷത്തോളം രൂപ ചിലവഴിച്ച് മുൻ തമിഴ്നാട് മുഖ്യമന്ത്രി എംജിആറിന്റെ മാതാപിതാക്കൾ താമസിച്ച വീട് നവീകരിച്ച് സ്മാരക മന്ദിരമാക്കിയത്.
ഇതിനകത്തെ അത്യാധുനിക സൗകര്യത്തോടെ അംഗൻവാടിയും നിർമ്മിച്ചിട്ടുണ്ട്. അയൽ ജില്ലകളിൽ നിന്നും വിനോദയാത്രക്കെത്തുന്ന നിരവധി പേർ ഈ സ്മാരക മന്ദിരം കാണാൻ എത്തുന്നുണ്ടെന്ന് സ്ഥാപന മാനേജർ മോഹനൻ വിവരിച്ചു.
കോവിഡിന്റെ അതിപ്രസരണം കാരണം ഇപ്പോൾ സന്ദർശകരെ മന്ദിരത്തിനകത്ത് പ്രവേശിക്കാറില്ല. തമിഴ്നാട്ടിൽ നിന്നും വിവിധ ആവശ്യങ്ങൾക്ക് ജില്ലയിൽ എത്തുന്നവർ തങ്ങളുടെ മുൻ മുഖ്യമന്ത്രിയായ എംജിആറിന്റെ കുടുംബാങ്ങൾ താമസിച്ച് വീട് കാണാൻ ആകാംഷയോടെ എത്തി മൊബൈലിൽ പകർത്താറുമുണ്ട്.
സ്മാരക മന്ദിരത്തിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന മാർബിൾ പ്രതിമയിൽ ഭക്തിയോടെ നമസ്കരിച്ചാണ് അകത്തു പ്രവേശിക്കുന്നത്.എംജിആറിന്റെ ജ·ദിനമായി ജനവരി 17നും വിയോഗ ദിനം ഡിസംബർ 24നും തമിഴ്നാട്ടിൽ നിന്നും എഐഎഡിഎംകെ നേതാക്കളും അനുഭാവികളും എത്താറുണ്ട്.
സന്ദർശകാരിയെത്തുന്നവർക്ക് എംജിആർ അഭിനയിച്ച ചിത്രങ്ങൾ കാണാൻ ലക്ഷങ്ങൾ ചിലവഴിച്ച് ഹോം തിയേറ്റർ നിർമ്മിച്ചിട്ടുണ്ട്. എംജിആറിന്റെ മെഗാഹിറ്റ് ചിത്രങ്ങളായ നാടോടിമന്നൻ, ഉലകം ചുറ്റും വാലിബൻ, ഉരിമൈക്കുരൽ, അടിമൈപ്പെണ്, രഹസ്യ പോലീസ് 115 തുടങ്ങിയ 136 സിനിമകളും പ്രദർശപ്പിക്കുന്നതിനായി സൗകര്യമൊരുക്കിയിരിക്കുകയാണ്.
അടുത്ത മാസം ഇതിന്റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചതായി സൈദൈ ദൊരൈസ്വാമി അറിയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് തിയതി മാറ്റിയിരിക്കുകയാണ്. സ്മാരക മന്ദിരത്തിനകത്ത് അഞ്ച് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് കിണർ നവീകരണം നടത്തിയിരിക്കുന്നത്.
കിണറിന്റെ ചുറ്റുമതിൽ എംജിആറിന്റെ മാതാവ് സത്യഭാമയുടെ പേര് കൊത്തിവെച്ചിരുന്നത് നിലനിർത്തിയാണ് നവീകരണം നടന്നിരിക്കുന്നത്. മാത്രമല്ല പിതാവ് മരുതൂർ ഗോപാലൻ, മാതാവ് സത്യഭാമ, സഹോദരൻ ചക്രപാണി എന്നിവർ താമസിച്ചിരുന്ന വീട് രൂപമാറ്റം വരുത്താതെയാണ് പുനർനിർമ്മിച്ചിരിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നും നിരവധി പേർ സ്മാരകം മാനേജർ മോഹനനെ ഇക്കഴിഞ്ഞ ദിവസം വരെ പ്രവേശന വിവരം അന്വേഷിച്ച് വിളിച്ചിരുന്നു. കോവിഡ് വ്യാപനം പൂർണ്ണമായും നിയന്ത്രണമാവും വരെ പ്രവേശന കവാടം അടച്ചിട്ടിരിക്കുകയാണ്.