പത്തനംതിട്ട: ജില്ലയില്‍ കോവിഡ് പ്രതിദിന കേസുകളിലും വര്‍ധനയുണ്ടാകുന്ന പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങളിലേക്കു രോഗവ്യാപനം ഉണ്ടാകാതെ എല്ലാവരും സൂക്ഷിക്കണമെന്ന് ഡിഎംഒ ഡോ.എ.എല്‍. ഷീജ നിര്‍ദേശിച്ചു.
ദിവസവും ആയിരത്തിലധികം കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ ദിവസേനയുള്ള മരണങ്ങളും കൂടുന്നു.
ദിവസവും 10 മരണങ്ങള് വരെ ഇപ്പോഴുണ്ട്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ രോഗപ്പകര്‍ച്ചയും മരണങ്ങളും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞെങ്കിലും രണ്ടാം ഘട്ടത്തില്‍ രോഗവ്യാപനവും രോഗ തീവ്രതയും വളരെ കൂടുതലാണ്.
ഇപ്പോഴത്തെ രോഗപ്പകര്‍ച്ചയില്‍ 50 ശതമാനത്തില്‍ അധികവും വീടുകളില്‍ നിന്നു തന്നെയാണ്. വീട്ടില്‍ ഒരാള്‍ രോഗബാധിതനായാല്‍ കുടുംബത്തിലുള്ള എല്ലാ അംഗങ്ങളിലേക്കും രോഗവ്യാപനം ഉണ്ടാകുന്നു.
ഇതു തടയേണ്ടത് അനിവാര്യമാണെന്ന് ഡിഎംഒ പറഞ്ഞു. കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണം ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയരാകണം.
രോഗം ഗുരുതരമാകുന്നതുവരെ പരിശോധനയ്ക്കായി കാത്തിരിക്കുന്നതും ഈ സമയത്ത് കുടുംബാഗങ്ങളുമായി ഇടപഴകുന്നതും അപകടകരമാണ്.
കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവരും പരിശോധന നടത്തി റിസള്‍ട്ടിനായി കാത്തിരിക്കുന്നവരും റൂം ക്വാറന്റൈനില്‍ ഇരിക്കണം.
രണ്ടാംഘട്ട വ്യാപനം ചെറുപ്പക്കാരിൽ
കോവിഡ് രണ്ടാം ഘട്ടത്തില്‍ ചെറുപ്പക്കാരില്‍ രോഗബാധ വളരെ കൂടുതലായാണ് കാണപ്പെടുന്നത്.
ആദ്യ നാളുകളില്‍ തന്നെ കിതപ്പും ശ്വാസം മുട്ടലും പോലെയുള്ള ഗുരുതരാവസ്ഥയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരുന്നു.
രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ ശ്രദ്ധിക്കാതിരിക്കുന്നതും രോഗലക്ഷണങ്ങള്‍ അവഗണിക്കുന്നതും ഇത്തരക്കാരില്‍ ശരീരത്തില്‍ ഓക്സിജന്റെ അളവ് പെട്ടെന്ന് കുറഞ്ഞ് രോഗം ഗുരുതരമാകുന്നതിനു കാരണമാകും.
ഇങ്ങനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്ന ചെറുപ്പക്കാരുടെ എണ്ണവും മരണവും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ഗ്രാമീണ മേഖലകളിലും രോഗവ്യാപനം അതിരൂക്ഷം
ജില്ലയിലെ ഗ്രാമീണ മേഖലകളിലും രോഗവ്യാപനം ഇപ്പോള്‍ കൂടുതലാണ്. അനാവശ്യമായി പുറത്തിറങ്ങുന്നതും അയല്‍ വീടുകള്‍ സന്ദര്‍ശിക്കുന്നതും, ഇടവഴികളിലും മറ്റും ആളുകള്‍ കൂട്ടംകൂടി നില്ക്കുന്നതും ഒഴിവാക്കണം.
എല്ലാവരും ഡബിള്‍ മാസ്ക് ധരിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. ഒരു സര്‍ജിക്കല്‍ മാസ്കും അതിന് മുകളില്‍ തുണി മാസ്കും ധരിക്കുന്നതു നല്ലതാണ്.
ശാരീരിക അകലവും സാമൂഹിക അകലവും പാലിക്കുവാന്‍ കൂടുതല്‍ ശ്രദ്ധിക്കണം. വീടുകളിലുള്ള പ്രായമായവരെയും കുട്ടികളെയും കൂടുതല്‍ ശ്രദ്ധിക്കണം.
കുട്ടികളെ പുറത്തുകൊണ്ടുപോകുന്നതും മറ്റു വീടുകളില്‍ കളിക്കാന്‍ വിടുന്നതും ഒഴിവാക്കണം. കുട്ടികളില്‍ നിന്നും വീട്ടിലെ പ്രായമായവരിലേക്കു രോഗം ബാധിക്കുന്നതും ഇപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികളിലും, പഞ്ചായത്തുകളിലും രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയും, കരുതലും ഇനിയുള്ള ദിവസങ്ങളില്‍ അനിവാര്യമാണ്.