തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് സാമുദായിക ചേരുവ നൽകാനാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പരസ്യ പ്രസ്താവനകളുമായി രംഗത്തു വന്നതെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ.
ദേശാഭിമാനി പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് എ.വിജയരാഘവൻ സുകുമാരൻ നായർക്കെതിരെ വിമർശനം അഴിച്ചു വിട്ടിരിക്കുന്നത്.
സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ കോൺഗ്രസുമായും ബിജെപിയുമായി എൻഎസ്എസ് കൈകോര്‍ത്തുവെന്നാണ് എ.വിജയരാഘവൻ ആരോപിക്കുന്നത്.
വിമോചന സമരകാലത്തെ കേന്ദ്ര ഇടപെടലിനു തുല്യമായി കേരളത്തിലെ വികസനം മുടക്കാൻ കേന്ദ്ര ഏജൻസികൾ കൂട്ടത്തോടെ കേരളത്തിലെത്തി.
സൂക്ഷ്മമായി അപഗ്രഥനം നടത്തുന്നവർക്ക് 1959ലെ വിമോചന സമരക്കൂട്ടായ്മയുടെ പുതിയ രൂപമായിട്ടേ ഈ രാഷ്ട്രീയ സമവാക്യങ്ങളെ കാണാൻ കഴിയൂ.
വർഗീയ ധ്രുവീകരണത്തിന് എതിരായ പോരാട്ടത്തിന് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയം ഊർജമാകുമെന്നും എ.വിജയരാഘവൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും വിമർശിച്ചിരുന്നു.