ഇ. അനീഷ്
കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബിജെപിയില്‍ ഉയരുന്ന അസ്വാരസ്യങ്ങള്‍ നേതൃമാറ്റത്തിലേക്ക് എത്തില്ലന്നു സൂചന.പ്രചാരണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻ കേന്ദ്രനേതൃത്വത്തി നു നൽകിയ റിപ്പോർട്ട്.
ലോക്സഭാ തെരഞ്ഞെടുപ്പുവരെ കെ.സുരേന്ദ്രന് സംസ്ഥാന അധ്യക്ഷസ്ഥാനം തുടരാനാണ് സാധ്യത.ക്ഷേമം ഗുണം ചെയ്തു
ഇടതു തരംഗമാണുണ്ടായത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഉള്‍പ്പെടെ പാര്‍ട്ടികള്‍ക്കു സീറ്റ് പ്രതീക്ഷിച്ചതിലും കുറഞ്ഞിട്ടുണ്ട്.
ഈ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുന്പോൾ ബിജെപിയുടെ പ്രചാരണ പിശകു മാത്രമാണ് പരാജയത്തിനു കാരണമെന്ന നിലപാട് ശരിയാകില്ല.
അതുകൊണ്ടുതന്നെ നേതൃമാറ്റം വേണ്ടെന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. പരാജയം സംഭവിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രാഥമികവിവരങ്ങള്‍ സംസ്ഥാന അധ്യക്ഷൻ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് അവരെ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്ഏറ്റിയതെന്നാണ് അധ്യക്ഷന്‍ കേന്ദ്രത്തിനു നല്കിയ വിവരത്തിലുള്ളത്.
നേമത്തു രാഷ്ട്രീയ തോൽവി
ബിജെപിക്കു കൂടുതല്‍ സീറ്റുകളില്‍ രണ്ടാമതെത്താന്‍ കഴിഞ്ഞു. കേരളത്തിലെ പ്രത്യേക സാഹചര്യം ഭരണസംവിധാനം ഉപയോഗിച്ചു സിപിഎമ്മിനു മുതലാക്കാനായി എന്നും സംസ്ഥാന നേതൃത്വം പറയു ന്നു.
വിജയിക്കാന്‍ കഴിയുന്ന സീറ്റുകളില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടായി.വര്‍ഗീയ ധ്രൂവീകരണം കൊണ്ടുമാത്രമാണ് മഞ്ചേശ്വരത്തും പാലക്കാട്ടും പാര്‍ട്ടി രണ്ടാമതായത്. എന്നാല്‍, നേമത്തേതു രാഷ്ട്രീയ തോല്‍വിയാണ്.
ഇടതുതരംഗം ആഞ്ഞടിച്ചതോടെ നിഷ്പക്ഷ വോട്ടുകള്‍ പാര്‍ട്ടിക്കു നഷ്ടപ്പെട്ടു.പാര്‍ട്ടി വോട്ടുകള്‍ മാത്രമാണ് പെട്ടിയില്‍ വീണതെന്നും വിലയിരുത്തുന്നു.
അതേസമയം, പാർട്ടി കെ.സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി വി.മുരളീധരന്റെയും ചൊൽപ്പടിയിലാണെന്നും ഇവരിൽനിന്നു മോചിപ്പിച്ചെങ്കിലേ ഭാവിയുള്ളൂവെന്നും ഒരു വിഭാഗം വാദിക്കുന്നു.
ശോഭ സുരേന്ദ്രൻ, എം.ടി.രമേശ്, പി.കെ.കൃഷ്ണദാസ് തുടങ്ങിയവരോടൊപ്പം പാർട്ടിയുടെ മുതിർന്ന നേതാക്കളും ഇതേ അഭിപ്രായമുള്ളവരാണ്.