കോട്ടയം: ലോക്ഡൗണിൽ നാടും നഗരവും അടഞ്ഞു കിടക്കാനൊരുങ്ങുന്പോൾ ആശങ്കയിൽ ജനങ്ങൾ.പോയ വർഷത്തെ ലോക്ഡൗണിനു ശേഷം വലിയൊരു വിഭാഗത്തിനു വരുമാനമില്ലാത്ത അവസ്ഥയായിരുന്നു.
കടകന്പോളങ്ങൾ അടയുന്നതോടെ സെയിൽസ് മേഖലയിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലി ചെയ്ത് വീടുപോറ്റുന്നവരാണു വീണ്ടും സാന്പത്തിക പ്രതിസന്ധിയിലാകുന്നത്.
ലോക്ഡൗണിനു ശേഷം കടബാധ്യതയിൽ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. വീണ്ടും ലോക്ഡൗണ്‍ എത്തുന്പോൾ ആശങ്കയേറുകയാണ്.
ലോക്ഡൗണിനു ശേഷം പലരും കാർഷിക മേഖലയിലേക്കു തിരിഞ്ഞെങ്കിലും കാര്യമായ വരുമാനം ലഭിച്ചില്ലെന്നതു നിരാശരാക്കി.
ലോക് ഡോണിലും തുറക്കാൻ അനുമതിയുള്ള മെഡിക്കൽ ഷോപ്പ് ഉൾപ്പടെ അവശ്യവിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കു എത്തിപ്പെടാൻ പൊതുവാഹനസൗകര്യം ഇല്ലാതെ വരുന്നതും പ്രതിസന്ധിയാണ്.
മരുന്നു കടകൾ, ലാബുകൾ, ആശുപത്രികൾ, പത്രസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരാണ് ദുരിതപ്പെടുന്നത്. ലോട്ടറി വ്യാപാരം കുറയുന്നതോടെ ഈ മേഖലയിലും ഏറെപ്പേർക്ക് ജീവിതമാർഗം അടയും.
കൃഷി ഉപജീവനമാക്കിയവർക്കും വലിയ വെല്ലുവിളി നേരിടേണ്ടി വരും. കാലിത്തീറ്റ എത്തിക്കുന്നതും പാൽ കറന്ന് സംഭരണകേന്ദ്രങ്ങളിലും ഹോട്ടലുകളിലും എത്തിക്കുന്നതും പ്രതിസന്ധിയാകും.
ജില്ലയിൽ രോഗികൾ 3000കടന്നു
കോട്ടയം: രണ്ടാം തരംഗത്തിൽ ജില്ലയിൽ പ്രതിദിനം 3,000-ൽ അധികം കോവിഡ് രോഗികൾ റിപോർട് ചെയ്യുന്നതോടെ ലോക്ഡൗണ്‍ അനിശ്ചിതകാലത്തേക്കായി നീട്ടുമോ എന്ന ആങ്കയിൽ വ്യാപാരികളും സാധാരണക്കാരും.
നാളെ ലോക്ഡൗണ്‍ തുടങ്ങാനിരിക്കെ ഇന്നലെയും ഇന്നും വ്യാപാര സ്ഥാപനങ്ങളിൽ തിരക്കേറിയിരുന്നു. കഐസ്ആർടിസി, ബസ്, ടാക്സികൾ അടക്കം പൊതുഗതാഗതം ഒന്നുമില്ലാത്തതും പൊതുജനത്തെ വലയ്ക്കും.
പച്ചക്കറി പലചരക്ക്, റേഷൻ കടകൾ, ബേക്കറികൾ അടക്കമുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ആറു മുതൽ വൈകുന്നേകം 7.30 വരെ തുറക്കാമെന്നതു ആശ്വാസകരമെന്നാണ് പൊതുജനത്തിന്റെ അഭിപ്രായം.
വ്യാപാരികളാണ് ലോക്ഡൗണ്‍ ഭീഷണിയിൽ കൂടുതൽ ആശങ്കപ്പെടുന്നത്. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഐസ്ക്രിം തുടങ്ങിയ സാധനങ്ങൾ ഹോൾ സെയിൽ വിൽപന നടത്തുന്ന വ്യാപാരികൾക്ക് വനലിയ തോതിൽ നഷ്ടമുണ്ടാകുമെന്നു കണക്കുകൂട്ടുന്നു.
അവശ്യസാധനങ്ങൾ വിൽക്കാൻ കടകൾക്ക് സമയനിയന്ത്രണവും ആൾനിയന്ത്രണവും വരുന്ന സാഹചര്യത്തിൽ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും നഷ്ടത്തിലാകും.