തിരുവനന്തപുരം: ലോക്ക്ഡൗണിൽ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും ആവശ്യക്കാർക്ക് ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകും.
ചിലയിടങ്ങളിൽ ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം എത്തിക്കാൻ കഴിയും.
ജനകീയ ഹോട്ടലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം എത്തിക്കാൻ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം തദ്ദേശ സ്ഥാപനങ്ങൾ ആരംഭിക്കും.
ഇതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് ലക്ഷ്യമിടുന്നത്: പിണറായി വിജയൻ
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ശനിയാഴ്ച മുതൽ അടച്ചിടൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവർ പോലീസില്‍ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
തട്ടുകടകൾ തുറക്കരുത്. വർക് ഷോപ്പുകൾ ആഴ്ചയുടെ അവസാന രണ്ട് ദിവസം പ്രവർത്തിക്കാം. ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം.
പൾസി ഓക്സിമീറ്ററിന് അമിത വില ഈടാക്കുന്നതിന് കടുത്ത നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്.
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഈ മാസവും തുടരും. അടുത്ത ആഴ്ച മുതൽ കിറ്റ് നൽകി തുടങ്ങും. അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്യും.
18-45 വയസുവരെയുള്ളവർക്ക് പൂർണമായും ഒറ്റയടിക്ക് വാക്സിൻ നൽകാൻസാധിക്കില്ല. മറ്റ് രോഗമുള്ളവർക്ക് വാക്സിൻ നൽകും.
അതിഥി തൊഴിലാളികളുടെ ജോലിയും വരുമാനവും നഷ്ടപ്പെടുത്തരുത്. അതിനാണ് നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നൽകിയത്.
കോവിഡ് ബാധിതര്‍ അല്ലെന്ന് ഉറപ്പാക്കി നിര്‍മാണ സ്ഥലത്ത് തന്നെ താമസിപ്പിച്ച് ഭക്ഷണം അടക്കമുള്ള സൗകര്യം നൽകണം.
ചിട്ടി തവണ പിരിക്കാൻ വീടുകൾ സന്ദര്‍ശിക്കുന്നവര്‍ ലോക്ക്ഡൗൺ തീരും വരെ ഒഴിവാക്കണം. 24 മണിക്കൂറിനകം 22,325 പേര്‍ക്കെതിരെ മാസ്ക് ധരിക്കാത്തതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വികേന്ദ്രീകൃതമായ സാമൂഹിക ആരോഗ്യ സുരക്ഷാ സംവിധാനത്തിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ആളുകളുടെ സുരക്ഷ ഒരുക്കും.
വയോജനങ്ങൾ ഭിന്നശേഷിക്കാര്‍ മുതൽ ട്രാൻസ്ജെന്ററുകള്‍ വരെ ഉള്ളവർക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി സുരക്ഷ ഒരുക്കണം.
തെറ്റായ സന്ദേശം പ്രചരിപിച്ചാൽ നടപടി എന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഇവ തുടരുന്നു.
ഇങ്ങനെ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ഹൈടെക് ക്രൈം എൻക്വയറി സെല്ലിനും സൈബർ ഡൊമിനും നിർദേശം നൽകിയിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.