ഇറ്റാവാ: രാജ്യത്തെ ആശങ്കയിലാഴ്ത്തി സിംഹങ്ങളുടെ ഇടയിൽ കോവിഡ് വ്യാപനം. ഉത്തർപ്രദേശിലെ ഇറ്റാവാ സഫാരി പാർക്കിലെ രണ്ട് പെൺസിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു.
മൂന്നും ഒമ്പതും വയസ് പ്രായമുള്ള ഏഷ്യൻ ഇനത്തിൽപ്പെട്ട സിംഹങ്ങൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിൽ പാർപ്പിച്ചിരിക്കുന്ന എട്ട് സിംഹങ്ങൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യുപിയിലെ സിംഹങ്ങൾക്കും രോഗം സ്ഥിരീകരിച്ചത്.
14 സിംഹങ്ങളുടെ സാംപിളുകൾ ശേഖരിച്ച് ഇന്ത്യൻ വെറ്ററിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് അയച്ചുകൊടുത്തിരുന്നു. തുടർന്നു രണ്ടു പെൺസിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
നിലവിൽ മറ്റു മൃഗങ്ങളിൽ നിന്നും ഇവയെ മാറ്റി പാർപ്പിച്ചിരിക്കുകയാണെന്ന് സഫാരി പാർക്ക് ഡയറക്ടർ അറിയിച്ചു.
പാർക്കിലെ ജോലിക്കാരിലേക്ക് അസുഖം പകരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.