കെ. ഷിന്റുലാല്‍
കോഴിക്കോട്: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പോലീസിന്റെ ആരോഗ്യസുരക്ഷ സംബന്ധിച്ചും മറ്റും സൗകര്യമൊരുക്കണമെന്ന് റിപ്പോര്‍ട്ട്. പോലീസിന്റെ ഭരണാനുകൂല സംഘടനയായ കേരള പോലീസ് അസോസിയേഷനാണ് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.
പാലക്കാട്, കോട്ടയം, തൃശൂര്‍ സിറ്റി, മലപ്പുറം, കോഴിക്കോട് തുടങ്ങി ജില്ലകളിലുള്‍പ്പെടെ നൂറുകണക്കിന് പോലീസുദ്യോഗസ്ഥരാണ് കോവിഡ് ബാധിതരായുള്ളത്. ഈ സാഹചര്യത്തില്‍ കോവിഡ് മുന്‍നിര പോരാളികളെന്ന നിലയില്‍ പോലീസുകാര്‍ക്ക് ചികിത്സാ സൗകര്യം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം.
ഇതിന്റെ ഭാഗമായി ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളില്‍ നിശ്ചിത ശതമാനം ബെഡുകള്‍ പോലീസുകാര്‍ക്കായി നീക്കിവയ്ക്കണമെന്നാണ് പ്രധാന ആവശ്യം. ക്വാറന്റൈന് ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഡിജിപി പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ പോലീസ് സ്റ്റേഷനിലെ വാഹനം മറ്റുപല ആവശ്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തേണ്ടതായുണ്ട്. ഈ സാഹചര്യത്തില്‍ പോലീസുകാര്‍ സ്വന്തം ചെലവിലാണ് ക്വാറന്റൈന് ലംഘനം പരിശോധിക്കാനായി പോവുന്നത്. ഇത്തരം ഡ്യൂട്ടിയിലുള്ളവര്‍ക്ക് ഇന്ധന ചെലവ് (ഫ്യൂല്‍ അലവന്‍സ്) അനുവദിക്കണം.
കൂടാതെ ഡ്യൂട്ടി ടേണ്‍ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു ടേണുകളായി പോലീസുകാര്‍ക്ക് ഡ്യൂട്ടി അനുവദിക്കണം. രാവിലെ എട്ടു മുതല്‍ രണ്ടുവരെയും രണ്ടു മുതല്‍ എട്ട് വരെയും എട്ടുമുതല്‍ രാവിലെ എട്ടുവരേയും ഡ്യൂട്ടി സമയം ക്രമീകരിക്കണമെന്നാണ് നിര്‍ദേശം.
ടെലി മെഡിസിന് സംവിധാനത്തിന്റെ ഭാഗമായി രോഗികള്‍ക്ക് മരുന്നുകള്‍ പോലീസ് വീടുകളിലെത്തിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇത് പ്രകാരം പോലീസ് മരുന്നുകള്‍ കൈമാറുന്നുമുണ്ട്. എന്നാല്‍ ഈ സേവനങ്ങള്‍ക്ക് മറ്റു സര്‍ക്കാര്‍ ജീവനക്കാരെ കൂടി പരിഗണിക്കണമെന്നും കെപിഎ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.