പത്തനംതിട്ട: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും പോലീസും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
നഗരസഭകളും ഗ്രാമപഞ്ചായത്തുകളും പ്രാദേശികതലത്തില്‍ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും.
നിയുക്ത എംഎല്‍എമാരുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മണ്ഡലാടിസ്ഥാനത്തില്‍ ആരംഭിച്ചു. ബാരിക്കേഡുകള്‍ സ്ഥാപിച്ചുള്ള പരിശോധന പ്രധാന നിരത്തുകളിലെല്ലാം ഉണ്ട്.
ലോക്ക്ഡൗണിനോടനുബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്നുറപ്പാക്കാന് ജില്ലാ ഭരണകൂടവും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകണം.
ഭക്ഷണം, മരുന്ന് തുടങ്ങി അവശ്യവസ്തുക്കള്‍ ഉറപ്പാക്കാനും രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാനും ക്രമീകരണങ്ങള്‍ വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
അവശ്യ സര്‍വീസുകള്‍ക്കും അടിയന്തര ആവശ്യങ്ങളിലുള്ളവര്ക്കു യാത്രയ്ക്കു തടസമുണ്ടാകരുതെന്ന നിര്‍ദേശവും ഉണ്ട്.
ഇന്നു മുതല്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും പരിമിതപ്പെടുത്തിയിരിക്കുകയാണ്.
സമ്പൂര്‍ണ ലോക്ക്ഡൗണിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര് നിശാന്തിനി അറിയിച്ചു.
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, പ്രതിരോധത്തിന്റെ ഭാഗമെന്നോണം ആളുകള്‍ പരമാവധി വീടുകളില്‍ തന്നെ തങ്ങണമെന്നും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് വീട്ടിലെ ഒരംഗം പുറത്തുപോയി വരണമെന്നും കോവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കരുതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും അവശ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ആര്‍ക്കും തടസമില്ല.
അതേസമയം ജില്ലയില്‍ ബാരിക്കേഡുകള്‍ വച്ചുള്ള പരിശോധന പോലീസ് ശക്തമാക്കി. ഒരു തരത്തിലുമുള്ള ലംഘനങ്ങളും അനുവദിക്കില്ല.
ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 2005 ലെ ദുരന്ത നിവാരണ നിയമം, 2020 ലെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ പീനല്‍ കോഡ് എന്നീ നിയമങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നത് തുടരും.
അതിഥി തൊഴിലാളികള്‍ക്കായി കണ്ട്രോള് റൂം
പത്തനംതിട്ട: കോവിഡ് വ്യാപനവും ലോക്ക്ഡൗണും ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതും അരക്ഷിതാവസ്ഥയിലായതുമായ അതിഥി തൊഴിലാളികള്‍ക്കു സഹായവുമായി പോലീസ്.
അതിഥി തൊഴിലാളുകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഇതിനായി ജില്ലാ പോലീസ് ഓഫീസിനോട് ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.
ഇവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ അറിയിക്കുന്നതിനും പരിഹാരം തേടുന്നതിനും കണ്ട്രോള് റൂമിന്റെ സേവനം പ്രയോജനപ്പെടുത്താം.
9497908090 എന്ന നമ്പറില്‍ വിളിച്ച് പ്രശ്നങ്ങള്‍ അറിയിക്കാം. തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ മുഖാന്തിരം പോലീസ് അതിന് പരിഹാരം കണ്ടെത്തുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.