കൊച്ചി: കോവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലയില്‍ സ്ഥിതി ആശങ്കാജനകമായി തുടരുന്നു. ജില്ലയില്‍ 64456 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.
5238 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം അയ്യായിരത്തിന് മുകളിലെത്തുന്നത്. കേരളത്തിന് പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കൊഴികെ ബാക്കിയുള്ള 5233 പേര്‍ക്കും രോഗമുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലാണ്.
കോവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ 1317 കിടക്കകള്‍ നിലവില്‍ ഒഴിവുണ്ട്. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3113 കിടക്കകളില്‍ 1796 പേര് നിലവില്‍ ചികിത്സയിലുണ്ട്.
രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്റെറുകളിലായി ജില്ലയില്‍ 567 പേര് ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 26 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 888 കിടക്കള്‍ ഒഴിവുണ്ട്.
ജില്ലയില്‍ ബിപിസിഎല്‍, ടിസിഎസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 21 പേര് ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയ മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ 14 പേര് ചികിത്സയിലുണ്ട്.
ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പതിനൊന്നു കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 606 കിടക്കള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 465 പേര് ചികിത്സയിലാണ്.
ഓക്സിജന്‍ കിടക്കള്‍ അടക്കമുള്ള സെക്കന്റ്് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ കാറ്റഗറി ബി യില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയില്‍ 141 കിടക്കള്‍ വിവിധ സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി ലഭ്യമാണ്.
കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള പന്ത്രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലായി 1052 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 764 പേര് ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 288 കിടക്കകളും ലഭ്യമാണ്.