ഉപ്പള സ്വദേശി മുത്തലിബിനെ വധിക്കുന്നതോടെ എതിരാളികളുടെ നോട്ടപ്പുള്ളിയായ കാലിയ റഫീഖിന്റെ ക്രിമിനൽ ജീവിതം പുതിയൊരു ഘട്ടത്തിലേക്കു കടന്നു.
മൂന്നു വർഷത്തിനിടെ നിരവധി തവണയാണ് കാലിയ റഫീഖിന്റെയും കസായി അലിയുടെയും സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.
ഇവർ തമ്മിലുള്ള ഏറ്റുമുട്ടൽ പലപ്പോഴും ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഏറ്റുമുട്ടലെന്നാൽ കേവലം കൂട്ടത്തല്ലൊന്നുമല്ല. വെടിവയ്പും വെട്ടും കുത്തും നിറഞ്ഞ ഗ്യാംഗ് വാർ തന്നെ.
മുത്തലിബ് വധം
ഉപ്പള ടൗണിൽനിന്നു രാത്രി മണ്ണങ്കുഴി സ്റ്റേഡിയത്തിനടുത്തുള്ള ക്വാർട്ടേഴ്സിലേക്കു കാറിൽ പോകുന്നതിനിടെയാണ് മുത്തലിബ് ആക്രമിക്കപ്പെടുന്നത്.
മുത്തലിബിന്റെ വരവും പ്രതീക്ഷിച്ചു ക്വാർട്ടേഴ്സിനടുത്ത് ഒളിഞ്ഞിരുന്ന കാലിയ റഫീഖും കൂട്ടാളി ഷംസുദീനും മുത്തലിബിന്റെ കാറിനു നേരെ വെടിവച്ചു.
വെടിയേറ്റ മുത്തലിബ് കാറോടിച്ചു പോയെങ്കിലും പിന്തുടർന്നെത്തിയ ഇരുവരും കാറിന്റെ ചില്ല് തകർത്തു മുത്തലിബിനെ വെട്ടിക്കൊല്ലുകയായിരുന്നു.
നേരത്തെ കാലിയയുടെ അടുപ്പക്കാരനായിരുന്ന മുത്തലിബ് കാലിയ കേസിൽപ്പെട്ടപ്പോൾ സഹായിക്കാതിരുന്നതാണ് അയാളോടുള്ള പകയിലേക്കു നയിച്ചതെന്നാണ് ഇതേക്കുറിച്ചു നാട്ടിൽ പ്രചരിക്കുന്ന കഥ.
എന്തായാലും മുത്തലിബിന്റെ മരണത്തോടെ അയാളുടെ ബന്ധുക്കളും സഹായികളും കാലിയയെ കൊല്ലുമെന്നു പരസ്യമായി പ്രഖ്യാപിക്കുകയും അതിനുള്ള നീക്കം തുടങ്ങുകയും ചെയ്തു.
വധശ്രമം പലതവണ
മുത്തലിബ് കൊല്ലപ്പെട്ടതിനു ശേഷമുള്ള മൂന്നു വർഷങ്ങൾക്കിടെ പലതവണ കാലിയയ്ക്കു നേരെ വധശ്രമമുണ്ടായി. പലപ്പോഴും തലനാരിഴ വ്യത്യാസത്തിനാണ് ഇയാൾ മരണത്തിൽനിന്നു രക്ഷപ്പെട്ടത്.
പോലീസിനും എതിരാളികൾക്കും പിടികൊടുക്കാതെ കാലിയ ഒളിവിൽ പോയതോടെ അയാളെ കണ്ടെത്തി വകവരുത്താനുള്ള ക്വട്ടേഷൻ സ്വീകരിച്ചു പലേടത്തുനിന്നും ഗുണ്ടാസംഘങ്ങൾ കളത്തിലിറങ്ങി.
ഉപ്പളയിൽ വച്ചു കാലിയയുടെ സംഘവും കാസായി അലിയുടെ സംഘവും തമ്മിലുണ്ടായ വെടിവയ്പ് ജില്ലയിലാകെ പരിഭ്രാന്തി പടർത്തി.
മരണ ഭയമില്ലാതെയുള്ള ഇത്തരം സംഘങ്ങളുടെ വിളയാട്ടം ജനങ്ങളെയും അധികൃതരെയും പലപ്പോഴും ഞെട്ടിച്ചിരുന്നു.
അധോലോകത്തെ ആരാധിക്കുന്നവർ
കാസർഗോഡ് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലെ അധോലോകത്തെയും ലഹരി മാഫിയയെയും ഇതിന്റെയൊക്കെ തലവന്മാരെയും ഈ പ്രദേശത്തെ ഒരു വിഭാഗം യുവാക്കൾ ഹരത്തോടെയും ഒപ്പം ആരാധനയോടെയുമാണ് കണ്ടിരുന്നത്.
ലഹരി, പണം, വാഹനം, തോക്ക്, എന്ത് തോന്ന്യസത്തിനുമുള്ള പിന്തുണ- ഇതൊക്കെയാണ് ഒരു പറ്റം യുവാക്കളെ ഈ സംഘങ്ങളിലേക്ക് ആകർഷിക്കുന്നത്.
അധോലോക – ലഹരി മാഫിയയെ തുരത്താൻ പൊതുജനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും ഒന്നിച്ചുനിന്നാൽ മാത്രമേ കഴിയൂ എന്നതാണ് കാസർഗോഡ് സംഭവം തെളിയിക്കുന്നത്.
അധോലോക സംഘങ്ങളിലെ അംഗങ്ങളായ യുവാക്കൾ രാവിലെ ഒക്കെ കാണുമ്പോൾ വളരെ പാവങ്ങളാണ്. എന്നാൽ, എംഡിഎംഎ, കഞ്ചാവ് പോലുള്ള ലഹരികൾ ഉപയോഗിച്ചു കഴിയുമ്പോൾ അവരുടെ രൂപവും ഭാവവും തന്നെ മാറുന്നു.
പിന്നെ ചെയ്തുകൂട്ടുന്നത് എന്താണെന്ന് അവർക്കു തന്നെ നിശ്ചയമില്ല. ഇവരെ ലക്ഷ്യബോധമുള്ള തലമുറയായി വളർത്താൻ സർക്കാരും സമൂഹവും ഒന്നടങ്കം മുന്നോട്ടു വരേണ്ടതുണ്ട്.
തൊഴിലും മെച്ചപ്പെട്ട സാഹചര്യങ്ങളും ഇവർക്കു ലഭ്യമാകണം. അല്ലെങ്കിൽ ഇപ്പോൾ ഒതുങ്ങിയ അധോലോകത്തിനു വീണ്ടും ചിറകുമുളയ്ക്കും
ഉപ്പളയിൽ ഒരു പോലീസ് സ്റ്റേഷൻ
ഈ പ്രദേശങ്ങളിൽ പോലീസ് സാന്നിധ്യംതന്നെ വളരെ കുറവാണ്. കാഞ്ഞങ്ങാട്, കണ്ണൂർ മേഖലകളിൽനിന്നുള്ളവരാണ് ഈ പ്രദേശത്തെ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന പോലീസുകാർ.
എത്രയും പെട്ടെന്നു ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്താൻ മനസ് വെമ്പുന്നവരാണ് പോലീസുകാരിൽ ഭൂരിഭാഗം പേരും. ഇതിനു മാറ്റം വരണം.
പ്രദേശത്തുകാരായ യുവാക്കൾ സേനയിൽ എത്തണം. ഇപ്പോൾ അതിർത്തിയിൽ ഒരു പ്രശ്നമുണ്ടായാൽ കാസർഗോഡുനിന്നും ഡിവൈഎസ്പി എത്താൻ മുക്കാൽ മണിക്കൂറെങ്കിലും എടുക്കും.
കണ്ണൂർ ജില്ലയിൽ ഒരോ പതിനഞ്ച് കിലോമീറ്ററിലും പോലീസ് സബ് ഡിവിഷൻ ഉള്ളപ്പോഴാണ് കാസർഗോഡ് ജില്ലക്ക് ഈ ഗതികേട്.
ഉപ്പള ആസ്ഥാനമായി ഒരു പോലീസ് സ്റ്റേഷനും അതിർത്തി കേന്ദ്രീകരിച്ച് ഒരു പോലീസ് സബ് ഡിവിഷനും അനിവാര്യമാണ്.
(അവസാനിച്ചു).