ഇരിട്ടി : ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ വൻ കവർച്ച. 29 ലാപ്ടോപ്പുകൾ മോഷണം പോയി.
ഹൈസ്കൂൾ ബ്ലോക്കിലെ കംപ്യൂട്ടർ ലാബിൽ സൂക്ഷിച്ച ലാപ്ടോപ്പുകളാണ് കവർച്ച ചെയ്തത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാലും താലൂക്ക്തല വാക്സിനേഷൻ സെന്ററായി സ്കൂൾ നഗരസഭ ഏറ്റെടുത്തതിനാലും സ്കൂൾ ഓഫീസിന്റെ പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരുന്നു.
ഇന്നലെ മുഖ്യാധ്യാപിക എൻ. പ്രീതയുടെ നേതൃത്വത്തിൽ ഓഫീസ് ജീവനക്കാർക്കൊപ്പം കംപ്യൂട്ടർ ലാബ് ഉൾപ്പെടെ സ്കൂളിലെ പ്രധാന മുറികൾ പരിശോധിക്കുന്നതിനിടെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.
സ്കൂളിന്റെ പിൻവശത്തുള്ള ഗ്രിൽസ് തകർത്ത് സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ച മോഷ്ടാക്കൾ തൊട്ടടുത്ത കംപ്യൂട്ടർ ലാബിന്റെ മുറിയുടെ ഗ്രിൽസിന്റെയും വാതിലിന്റെയും പൂട്ടു തകർത്ത് അകത്തു കയറി ലാബിൽ സൂക്ഷിച്ച മുഴുവൻ ലാപ്ടോപ്പുകളും കവർച്ച ചെയ്യുകയായിരുന്നു.
ഐടി പരീക്ഷ നടത്തുന്നതിനായാണ് ഇത്രയും ലാപ്ടോപ്പുകൾ കംപ്യൂട്ടർ റൂമിൽ സജ്ജീകരിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഐടി പരീക്ഷ സർക്കാർ മാറ്റിവയ്ക്കുകയായിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് മുഖേന പലഘട്ടങ്ങളിലായി സ്കൂളിന് നൽകിയ ലാപ്ടോപ്പുകളാണ് മോഷണം പോയത്.
ഒരെണ്ണത്തിന് 25000 മുതൽ 28000 രൂപ വിലവരുന്ന എട്ടു ലക്ഷത്തോളം രൂപയുടെ ലാപ്ടോപ്പുകളാണ് മോഷണം പോയത്.
മുഖ്യാധ്യാപിക എൻ.പ്രീതയുടെ പരാതിയിൽ ഇരിട്ടി സിഐ എം.പി. രാജേഷ്, എസ്ഐ എം. അബ്ബാസലി, ജൂണിയർ എസ്ഐ അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കണ്ണൂരിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഇന്ന് സ്കൂളിലെത്തി പരിശോധന നടത്തും.
കഴിഞ്ഞ ലോക്ക് ഡൗൺ സമയത്തും സമാനരീതിയിൽ ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം നടന്നിരുന്നു.
ഹൈസ്കൂൾ കംപ്യൂട്ടർ ലാബിന്റെ വാതിലിന്റെ പൂട്ടു തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ രണ്ട് കംപ്യൂട്ടർ ബാറ്ററിയും യുപിഎസും രണ്ട് ലാപ്ടോപ്പും കവർന്നിരുന്നു.
സ്കൂൾ കോമ്പൗണ്ടിലെ ടോയ്ലറ്റുകളിലെ 20 സ്റ്റീൽവാട്ടർ ടാപ്പുകളും അന്ന് മോഷ്ടിച്ചിരുന്നു. ഈ സംഭവം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ പേരാവൂർ, ആറളം ഫാം സ്വദേശികളായ മോഷ്ടാക്കളെ പോലീസ് പിടികൂടിയിരുന്നു.