കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭിക്കാന്‍ ചികിത്സയുടെ പേരുപറഞ്ഞ് നിരവധി പേരാണ് പുറത്തിറങ്ങുന്നത്.
ചികിത്സാ ആവശ്യത്തിനായാണ് പുറത്തിറങ്ങുന്നതെന്നും ആശുപത്രിയിലേക്കാണ് പോവുന്നതെന്നും എഴുതിയ സത്യവാങ്മൂലവുമായാണ് പലരും പോലീസിന്റെ പരിശോധന നേരിടുന്നത്.
ചികിത്സയ്ക്കെന്നുപറഞ്ഞാല് യാത്ര തടസപ്പെടുത്തില്ലെന്ന വിശ്വാസത്തിലാണ് ഇവര്‍ പുറത്തിറങ്ങുന്നത്.
കോഴിക്കോട് സിറ്റിയില്‍ ഏറ്റവും കൂടുതല്‍ ചികിത്സയ്ക്കായി എത്തുന്നവരെ “നേരിടാനുള്ളത്’ മെഡിക്കല്‍കോളജ് പോലീസിനാണ്.
പലരും മെഡിക്കല്കോളജില്ചികിത്സയ്ക്കായി പോവുകയാണെന്ന വിശദീകരണമാണ് നല്‍കുന്നത്.
ഓട്ടോയിലും ബൈക്കിലും കാറിലുമെല്ലാം എത്തുന്നവരില്‍ പലര്‍ക്കും ചികിത്സാ രേഖകള്‍ പോലുമില്ലെന്ന് പോലീസ് പറയുന്നു.
മറ്റ് ആശുപത്രികളില്‍ നിന്ന് കൂടുതല്‍ ചികിത്സയ്ക്കായി രോഗിയെ മെഡിക്കല്‍കോളജിലേക്ക് മാറ്റുകയാണെങ്കില്‍ റഫറന്സ്ലെറ്ററില് പ്രത്യേകമായി എഴുതും.
എന്നാല്‍ ഇത്തരത്തിലുള്ള റഫറന്‍സ് പോലുമില്ലാതെയാണ് ആളുകള്‍ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കെന്ന രീതിയില്‍ പുറത്തിറങ്ങുന്നത്.
ഇന്ന് മുതല്‍ ഇത്തരം രേഖകളില്ലാത്തവരെ കടത്തിവിടില്ലെന്നു മെഡിക്കല്‍കോളജ് ഇന്‍സ്പെക്ടര്‍ സിഐ ബെന്നിലാലു അറിയിച്ചു.
അതേസമയം കച്ചവടക്കാരില്‍ ചിലരും യാത്രാ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
കടകള്‍ തുറന്നതിനുശേഷം ഇടയ്ക്കിടെ വീട്ടിലേക്കും മറ്റും വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നുണ്ട്.
അനാവശ്യമായ ഇത്തരം യാത്രകള്‍ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു.