കോട്ടയം: പഠനം ഓണ്‍ലൈനിലേക്കു മാറിയതിനു പിന്നാലെ കുട്ടികളിൽ മൊബൈൽ ദുരുപയോഗം കൂടുന്നതായി റിപ്പോർട്ട്.
മൊബൈൽ ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നതിൽ മുന്‍പ് കുട്ടികൾക്കേർപ്പെടുത്തിയിരുന്ന നിയന്ത്രണം മാതാപിതാക്കൾ പിൻവലിച്ചതാണ് ഏതാനുംപേരിൽ ഗുരുതരപ്രശ്നത്തിലേക്കെത്തിച്ചത്.
കുട്ടികളുടെ സ്വഭാവരീതികളിൽ മാറ്റവും മാനസികവും ശാരീരികവുമായി പല പ്രശ്നങ്ങൾ സൃഷടിക്കുകയും അവരുടെ ജീവനുതന്നെ ദോഷകരമാകുന്നതിലേക്കും എത്തിയിരിക്കുന്നു.
ആദ്യത്തെ ലോക്ക്ഡൗണിനുശേഷം രക്ഷിതാക്കൾ തൊഴിലിനായി പോകുകയും കുട്ടികൾ മൊബൈൽ ഫോണുമായി വീട്ടിൽ തനിച്ചാകുകയും ചെയ്തതോടെയാണു പ്രശ്നങ്ങൾ കൂടുതലായത്.
ഗെയിമിംഗ്, സോഷ്യൽ മീഡിയ, പോണ്‍വീഡിയോ ആസക്തികൾ വിവിധ മാനസിക പ്രശ്നങ്ങളാണു കുട്ടികളിലുണ്ടാക്കുന്നത്.
ഗെയിമിംഗ്
കുട്ടികളെ വളരെ വേഗത്തിൽ ആസക്തിയുണ്ടാക്കുന്ന ഗെയിമുകൾ ഓണ്‍ലൈനിലുണ്ട്. ഇത്തരം ഗെയിമുകൾ 10 മുതൽ 16 വയസുവരെയുള്ള കുട്ടികളുടെ മാനസികമായ വളർച്ചയെ വളരെ വേഗത്തിൽ സ്വാധീനിക്കുകയും കുട്ടികളിൽ വാശിയും നിരാശയും അക്രമ സ്വഭാവവും സൃഷ്ടിക്കുകയും ചെയ്യുന്നു.
സർക്കാർ ഉദ്യോഗസ്ഥന്റെ അച്ചടക്കത്തിൽ വളർന്ന എട്ടാം ക്ലാസുകാരൻ മകൻ 24 മണിക്കൂർ ഗെയികളിക്കുന്നതു ചോദ്യം ചെയ്തതിനു പിതാവിനോട് അസഭ്യം പറഞ്ഞതും മറ്റൊരു ഏഴാം ക്ലാസുകാരൻ ഗെയിമിൽ തോക്കുകളും മറ്റ് ആയുധങ്ങളും വാങ്ങാൻ അച്ഛന്റെ അക്കൗണ്ടിൽനിന്നു പണം ചെലവഴിച്ചതും സമീപകാല സംഭവമാണ്.
ഡോക്ടറുടെ എട്ടാം ക്ലാസുകാരൻ മകൻ 1,40,000 രൂപയാണ് ഫ്രീഫയറിൽ തോക്ക് വാങ്ങാൻ അമ്മയുടെ അക്കൗണ്ടിൽനിന്നു കളഞ്ഞത്.
മാതാപിതാക്കൾ കൈയോടെ പിടികൂടുന്പോൾ പരീക്ഷ എഴുതില്ല, തോറ്റുകളയും ഭക്ഷണം കഴിക്കില്ല എന്നിങ്ങനെ ഭീഷണികളും ഭക്ഷണം വലിച്ചെറിഞ്ഞു കളയുക, സഹോദരങ്ങളെ ഉപദ്രവിക്കുക എന്നിങ്ങനെ വാശികളും പലരും പ്രടകമാക്കുന്നു.
സോഷ്യൽ മീഡിയ
സൗഹൃദങ്ങളുടെ ചതിക്കുഴികൾ വിരിച്ച വലിയ ലോകമാണ് സോഷ്യൽ മീഡിയകൾ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്രചാരണം നേടിയതും അല്ലാത്തതുമായ നിരവധി സോഷ്യൽ മീഡിയ ആപ്പുകളാണ് ഇന്ന് ഓണ്‍ലൈനിലുള്ളത്.
ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രമുള്ള ഓണ്‍ലൈൻ ക്ലാസുകൾക്കുശേഷം കൂടുതലും കുട്ടികൾ ചെലവഴിക്കുന്ന മറ്റൊരിടം സോഷ്യൽമീഡിയകളാണ്.
പരിചയമില്ലാത്ത ആളുകളുമായി കൗതുകത്തിനു തുടങ്ങിയ ബന്ധങ്ങൾ പിന്നീട് തിരികെ കയറാൻ സാധിക്കാത്തവിധം ചതിക്കുഴികളിലേക്കു കുട്ടികളെ എത്തിക്കുന്നു.
10 മുതൽ 18 വയസുവരെയുള്ള കുട്ടികളിൽ ഇത്തരം ബന്ധങ്ങളുണ്ടാക്കുന്ന പ്രശ്നം സങ്കീർണമാണ്.
ഏഴാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കഞ്ചാവ് കച്ചവടക്കാരനായ യുവാവ് ലൈംഗികമായി ഉപദ്രവിച്ചു സ്വർണവും പണവും കൈക്കലാക്കിയ സംഭവം ജില്ലയിൽ കഴിഞ്ഞ ദിവസമാണ് നടന്നത്.
പോണ്‍വീഡിയോ
കൗമാരക്കാരായ കുട്ടികളുടെ കൈയിൽ സ്വതന്ത്രമായി മൊബൈൽ ഫോണ്‍ കൈകാര്യം ചെയ്യാൻ ലഭിക്കുന്നതോടെ ലൈംഗിക ദൃശ്യങ്ങളടങ്ങിയ വീഡിയോകൾ കാണാൻ തുടങ്ങുകയും പിന്നീട് മണിക്കൂറുകൾ അതു തുടർച്ചയായി കാണുന്ന ശീലത്തിലേക്ക് എത്തുകയും ചെയ്യുന്നു.
വീട്ടിലെ അസ്വസ്ഥതകൾ മുതലെടുത്ത് കുട്ടികളെ ആകർഷിക്കുന്ന വലിയൊരു കണ്ണി സമൂഹമാധ്യമങ്ങളിലും പോർണോഗ്രാഫി വൈബ്സൈറ്റുകളിലുമുണ്ട്.
ഇവിടെ എത്തിപ്പെട്ട് ചതിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുന്നതുമായ പെണ്‍കുട്ടികൾ നിരവധിയാണ്.
മൂന്നും നാലും ആളുകളുമായി ഒരേസമയം പ്രേമബന്ധങ്ങളിൽ പെടുന്നവരുമുണ്ട്. കാർ ഓടിക്കാനുള്ള ആഗ്രഹവുമായി മെസഞ്ചറിൽ അഞ്ചു യുവാക്കളോട് ആഗ്രഹം പ്രകടിപ്പിച്ച 18 കാരിയായ വിദ്യാർഥിനി പ്രതിഫലമായി സ്വന്തം നഗ്നചിത്രങ്ങളാണ് അയച്ചുകൊടുത്തത്.
16-17 വയസുള്ള ആണ്‍കുട്ടികൾ തങ്ങളുടെ അനുജത്തിമാരെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവങ്ങളും ഈ കാലയളവിലുണ്ടായിട്ടുണ്ട്.
രക്ഷിതാക്കൾക്കുള്ള നിർദേശങ്ങൾ
ഫോണ്‍ ഉപയോഗം മോണിട്ടർ ചെയ്യുക, ഗെയിമുകൾ കളിക്കാൻ അനുവദിക്കരുത്. ആസക്തിയുണ്ടാകുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക.
ഓണ്‍ലൈൻ ക്ലാസുകളിൽ കയറുന്നുണ്ടെന്ന് സ്കൂളിൽ വിളിച്ച് ബോധ്യപ്പെടുക.
മുന്‍പില്ലാത്ത ദേഷ്യം, മാതാപിതാക്കളോട് സ്നേഹക്കുറവ്, മുറി അടച്ചിരിക്കുക, ഉന്മേഷക്കുറവ് തുടങ്ങിയവ ശ്രദ്ധിക്കുക.
കുട്ടികൾക്ക് നൽകുന്ന മൊബൈലിൽ ഓണ്‍ലൈൻ ഷോപ്പിംഗ്, ബാങ്കിംഗ് തുടങ്ങിയവ ചെയ്യാതിരിക്കുക.
ഓണ്‍ലൈൻ പർച്ചേസ് രക്ഷിതാക്കൾ ചെയ്യുക. ഓണ്‍ലൈൻ ബാങ്കിംഗ്, ഡിജിറ്റൽ പണമിടപാടുകളുടെ യൂസർ നെയിം, പാസ്വേർഡ് എന്നിവ കുട്ടികൾക്ക് നൽകേണ്ടതില്ല.
രക്ഷിതാക്കളുടെ മൊബൈലുകളിലും ഇത്തരം യൂസർ നെയിമുകളും പാസ്വേർഡുകളും ഓട്ടോമാറ്റിക് റിമംബർ ചെയ്തു വയ്ക്കാതിരിക്കുക.
രാത്രി കിടക്കുന്നതിനുമുന്പ് മൊബൈൽ ഫോണ്‍ മുറിക്ക് പുറത്ത് ഒരു പൊതുസ്ഥലത്ത് വയ്ക്കുന്നത് ശീലിപ്പിക്കുക. മൊബൈൽ ഫോണുമായി ബെഡ്റൂം അടച്ച് ഇരിക്കുന്ന ശീലം പ്രോത്സാഹിപ്പിക്കേണ്ടതില്ല.
രാത്രി നിശ്ചിത സമയത്തിനുശേഷം സോഷ്യൽ മീഡിയ, ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കില്ലെന്നും അത്യാവശ്യ ഫോണ്‍ കോളുകൾ മാത്രം അറ്റൻഡ് ചെയ്യുമെന്നുമുള്ള പൊതുവായ മൊബൈൽ ഫോണ്‍ ഉപയോഗ സംസ്കാരം ഉണ്ടാക്കിയെടുക്കുക.
ബെഡ്റൂമിൽ സോഷ്യൽ മീഡിയ, ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കളും ഒഴിവാക്കുക.
സമപ്രായക്കാരോടല്ലാതെ സൗഹൃദങ്ങൾ പുലർത്തുന്നത് കർശനമായി നിരീക്ഷിക്കുകയും സമയബന്ധിതമായും സൗമ്യമായും ഇടപെടുക.
പൊതുവായ സംസാരവും തമാശകളും മറ്റു ക്രിയാത്മകമായ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ വീട്ടിൽ കുട്ടികളെ ശീലിപ്പിക്കുക.
മുഴുവൻ സമയം ഇലക്ട്രോണിക് ഉപകരണങ്ങളിൽ മുഴുകുന്നത് ഒഴിവാക്കാൻ ക്രിയാത്മകമായ ജോലികൾ, വ്യായാമം, ശാരീരിക അധ്വാനമുള്ള കാര്യങ്ങൾ എന്നിവയ്ക്കായി കുട്ടികളെ പ്രേരിപ്പിക്കുക.
പത്തു വയസിനു മുകളിലുള്ള എല്ലാ കുട്ടികൾക്കും മാതാവും പിതാവും ഒന്നിച്ചിരുന്നു ലൈംഗികതയെപറ്റിയും സദാചാര ബോധത്തെപറ്റിയും കൗമാര കാലഘട്ടത്തിൽ സംഭവിക്കുന്ന ഹോർമോണ്‍ വ്യതിയാനങ്ങളെപറ്റിയും അറിവ് നൽകുക.
വഴക്ക് പറയുകയോ അടിക്കുകയോ ചെയ്യാതെ കുട്ടികളുടെ പ്രശ്നം മനസിലാക്കി അവരുടെ കൂടെനിന്നു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക. ആവശ്യമെങ്കിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം തേടുക.
പോലീസിന്റെ സഹായം തേടാം
കുട്ടികളുടെ വ്യക്തിത്വവികസനവും ഉന്നമനവും ലക്ഷ്യമിട്ടു കോട്ടയം ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ഗുരുകുലം പദ്ധതി ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നുണ്ട്.
രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇത്തരം കാര്യങ്ങളിൽ സഹായം ആവശ്യമായി വന്നാൽ ജില്ലാ പോലിസ് പദ്ധതിയായ ഓപ്പറേഷൻ ഗുരുകുലം വിംഗിനെ ബന്ധപ്പെടാം.
നോഡൽ ഓഫീസർ കോട്ടയം ഡിവൈഎസ്പി എം. അനിൽകുമാർ: 9497990050
കോ-ഓർഡിനേറ്റർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.ആർ. അരുണ്‍കുമാർ: 9447267739,
സീനിയർ സിവിൽ പോലിസ് ഓഫീസർ കെ.എം. മിനിമോൾ: 9497931888.
സമാനതകളുള്ള നിരവധി സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ കുട്ടികൾ കുഴപ്പക്കാരല്ല.
തിരിച്ചറിവുകളായി വരുന്ന പ്രായത്തിൽ അവർ തെറ്റുകളിൽ വീഴാതെ ഉത്തമ പൗരന്മാരായി നയിക്കേണ്ട ചുമതല നമുക്കോരോരുത്തർക്കുമുണ്ട്.
ഡി. ശില്പ
കോട്ടയം ജില്ലാ പോലിസ് ചീഫ്