ഭോപ്പാൽ: ഡോക്ടറായ ഭർത്താവിനെ ഷോക്കടിപ്പിച്ചു കൊന്ന കേസിൽ കോളജ് പ്രൊഫസറായ ഭാര്യ അറസ്റ്റിൽ. മധ്യപ്രദേശിലെ ഛത്തർപുരിലാണ് സംഭവം.
കുടുംബ വഴക്കിനെ തുടർന്നാണ് ഭർത്താവ് ഡോ. നീരജ് പഥക്കിനെ(65) ഭാര്യ മമത പഥക്(63) കൊലപ്പെടുത്തിയത്.
ഇവർ ഛത്തർപുർ സർക്കാർ കോളജിൽ അധ്യാപികയാണ്. പ്രതി കുറ്റം സമ്മതിച്ചു.
ഏപ്രിൽ 29നാണ് സംഭവം. ഭർത്താവിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയതിനു ശേഷം വൈദ്യുത വയറുകൾ കൊണ്ട് ശരീരത്തിൽ വൈദ്യുതാഘാതമേൽപ്പിച്ചാണ് കൊലനടത്തിയത്.
ഏറെ നാളായി ഭർത്താവ് അസുഖ ബാധിതനാണെന്നായിരുന്നു ഇവർ പോലീസിനോടു പറഞ്ഞത്.
ഏപ്രിൽ 30 ന് രാവിലെ താനും മകനും സുഖമില്ലാത്തതിനാൽ ഝാൻസിയിലേക്ക് ചികിത്സയ്ക്കായി പോയെന്നും തിരികെ എത്തിയപ്പോഴാണ് ഭർത്താവിനെ മരിച്ചനിലയിൽ കണ്ടതെന്നും ഇവർ പറഞ്ഞു.
എന്നാൽ മരണം സംഭവിച്ച് രണ്ടുദിവസമായെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെ പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഇവർ തമ്മിൽ കുടുംബ വഴക്ക് സ്ഥിരമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ഭർത്താവിനെ ഇവർ കുളിമുറിയിൽ പൂട്ടിയിട്ടിരുന്നു. ഇവരുടെ ഏക മകന് മാനസിക വൈകല്യമുണ്ട്.