ജോലിക്കിടെ ഷോക്കേറ്റ് അപകടം പറ്റി കിടപ്പിലായ ലൈന്‍മാനെ അഞ്ച് വര്‍ഷത്തിനുശേഷം ജോലിയില്‍ തിരികെ എടുത്ത് കെഎസ്ഇബി.
2010 ഡിസംബര്‍ 15നാണ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ തോപ്പുവെളി വീട്ടില്‍ കൊച്ചുകുട്ടന് ഷോക്കേറ്റുവീണത്.
പാണകുന്നത്ത് വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടയിലായിരുന്നു അപകടം. 10 വര്‍ഷത്തിലേറെയായി ഒരേ കിടപ്പാണ് ഇപ്പോള്‍ 52 വയസായ കൊച്ചുകുട്ടന്.
ഇതോടെ ഭാര്യയും മകനും മകളും ഉള്‍പ്പെടുന്ന ഒരു കുടുംബം മുഴുവന്‍ ഇരുട്ടിലായി.
അബോധാവസ്ഥയിലായിരുന്ന കൊച്ചുകുട്ടന് 18 ദിവസം വെന്റിലേറ്ററിലും രണ്ട് മാസം ആശുപത്രിചികിത്സയിലും കഴിഞ്ഞശേഷമാണ് വീട്ടിലെത്തിയത്.
ട്യൂബിലൂടെയാണ് ആഹാരം നല്‍കുന്നത്. ഇതിനിടയില്‍ രക്താര്‍ബുദവും ബാധിച്ചു.
ചികിത്സയും മറ്റുമായി നാലുവര്‍ഷം കഴിഞ്ഞതോടെ ഇനിയൊരിക്കലും കൊച്ചുകുട്ടന് ജീവിതത്തിലേക്കും ജോലിയിലേക്കും തിരിച്ചുവരാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.
ആദ്യം അവശത അവധി നല്‍കിയെങ്കിലും പിന്നീടത് വേതനമില്ലാത്ത അവധിയായി മാറി. ഇതോടെ സഹപ്രവര്‍ത്തകര്‍ ഇടപെട്ട് 2015ല്‍ സര്‍വീസില്‍ നിന്ന് ആകസ്മിക വിരമിക്കലായി കണക്കാക്കി പെന്ഷന് അനുവദിച്ചു.
മകന് 18 വയസായപ്പോള്‍ ആശ്രിത നിയമനത്തിന് അപേക്ഷിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തള്ളി.
അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം കൊച്ചുകുട്ടനെത്തേടി കെഎസ്ഇബിയുടെ ഉത്തരവെത്തി. സ്ഥിരം ജീവനക്കാരനായിരുന്ന കൊച്ചുകുട്ടനെ പൂര്‍ണശമ്പളത്തോടെ സര്‍വീസില്‍ തിരിച്ചെടുത്തു.
പത്തര വര്‍ഷത്തെ ശമ്പളം ഒരുമിച്ചു നല്‍കും. ഇനി വിരമിക്കുവോളം എല്ലാ ആനുകൂല്യത്തോടെയും ശമ്പളവും ജീവനക്കാരനെന്ന നിലയില്‍ ചികിത്സാസഹായവും ലഭിക്കും.
പട്ടികജാതി വിഭാഗത്തില്‍പെട്ട കൊച്ചുകുട്ടന്റെ ദുരിതകഥ ഭാര്യ ബിന്ദു കെഎസ്ഇബി ചെയര്മാന് എന്‍. എസ്.പിള്ളയെ അറിയിക്കുകയായിരുന്നു.
ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് തിരിച്ചെടുക്കാനുള്ള നിര്‍ദ്ദേശം ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ പാസാക്കുകയായിരുന്നു.
ഇതൊരു കീഴ്വഴക്കമല്ലെന്നും മറ്റൊരു സംഭവത്തിനും ഇത് ചൂണ്ടികാട്ടി ആനുകൂല്യത്തിന് വാദിക്കാനാവില്ലെന്നും നോട്ടെഴുതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കൈപ്പറ്റിയ പെന്ഷന് തുക കിഴിച്ചാണ് മുടങ്ങിയ കാലയളവിലെ ശമ്പളം നല്‍കുക.
അപകടം നടക്കുമ്പോള്‍. ഇപ്പോള്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ മകന് അഭിഷേകിന് എട്ടും പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്ക് അഞ്ചും വയസായിരുന്നു.
ഫേസ്ബുക്കിലൂടെയാണ് കെഎസ്ഇബി കൊച്ചുകുട്ടന്റെ കഥ വെളിപ്പെടുത്തിയത്.