ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഫോർച്യുനാറ്റോ ഫ്രാങ്കോ (84) അന്തരിച്ചു. 1962ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ഇന്ത്യ അവസാനമായി ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയതും ഈ ഗെയിംസിലായിരുന്നു.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണു ഫ്രാങ്കോയുടെ മരണവിവരം പുറത്തുവിട്ടത്. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്നായിരുന്നു മരണം. ഭാര്യയും രണ്ടു മക്കളുമാണ് ഫ്രാങ്കോയ്ക്കുള്ളത്.
ഇന്ത്യയുടെ മധ്യനിരയിലെ പ്രധാനിയായിരുന്നു ഫ്രാങ്കോ. 1960 കളിൽ ഹാഫ് ബാക്കെന്നാണ് മിഡ്ഫീൽഡർമാർ അറിയപ്പെട്ടത്. 1960-64 കാലഘട്ടത്തിലെ ഇന്ത്യൻ ഫുട്ബോളിന്റെ സുവർണതലമുറയിലെ അംഗമായിരുന്നു അദ്ദേഹം.ഇന്ത്യക്കായി ഫ്രാങ്കോ 26 കളിയിൽ ഇറങ്ങി.
ഇന്ത്യ റണ്ണേഴ്സ് അപ്പായ 1962ലെ ഏഷ്യൻ കപ്പിലും അംഗമായിരുന്നു. 1964ലെയും (വെള്ളി) 1965ലെയും (വെങ്കലം) മെർഡക് കപ്പിൽ ഇന്ത്യക്കായി കളിച്ചു. 1965ൽ അന്താരാഷ് ട്ര ഫുട്ബോളിൽനിന്നു വിരമിച്ചു. മഹാരാഷ്ട്രയ്ക്കായാണ് സംസ്ഥാന തലത്തിൽ കളിച്ചിരുന്നത്.
1964ൽ മഹാരാഷ് ട്രയെ സന്തോഷ് ട്രോഫി ചാന്പ്യന്മാരാക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. ഗോവൻ ക്ലബ് സൽഗോക്കറിനായി കളിച്ചെങ്കിലും കാൽമുട്ടിനേറ്റ പരിക്ക് അദ്ദേഹത്തെ 30 വയസിനു മുന്പ് ഫുട്ബോൾ കളത്തോടു വിടപറയാൻ ഇടയാക്കി.