തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാൻ മുന്നണിപ്പോരാളികളായി നിന്ന് കഠിനശ്രമം നടത്തുന്ന ആരോഗ്യവകുപ്പു ജീവനക്കാരും പോലീസും അടക്കമുള്ളവർ കൂട്ടത്തോടെ രോഗത്തിന്റെ പിടിയിലേക്ക്.
ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട 1750 ജീവനക്കാരും പോലീസിലെ 1400 പേരും രോഗത്തിന്റെ പിടിയിലാണ്.പോലീസിന്റെ വിവിധ വിഭാഗങ്ങളിലായി 1400 പേർക്കാണു രണ്ടാം തരംഗത്തിൽ രോഗബാധയുണ്ടായത്.
അമിത ജോലിഭാരവും സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തയും കൃത്യമായ മാർഗനിർദേശങ്ങൾ ഇല്ലാതായതുമാ ണ് കോവിഡ്ബാധ രൂക്ഷമാക്കിയതെന്നാണു പോലീസുകാർ പറയുന്നത്.
എഴുന്നൂറോളം പേർ ക്വാറന്റൈനിലുമായതോടെ പല സ്റ്റേഷനുകളിലും ആളില്ലാത്ത സ്ഥിതിയാണ്. കോവിഡ് ബാധിതരായവരിൽ ഭൂരിഭാഗവും സ്റ്റേഷൻ ഡ്യൂട്ടിയുള്ളവരാണ്- 970 പേർ.
അതായത്, രണ്ടായിരത്തോളം പോലീസുകാർ രോഗമോ ക്വാറന്റൈനോ മൂലം ജോലിക്കു ഹാജരാകുന്നില്ല. ഇതോടെ സ്റ്റേഷൻ ഡ്യൂട്ടിക്ക് പോലും മതിയായ ആളില്ലാത്ത അവസ്ഥയാണ്.
കോവിഡിന്റെ ആദ്യഘട്ടത്തിൽ പോലീസുകാർക്ക് ഫേസ് ഷീൽഡും മാസ്കും കൈയുറകളും ഏർപ്പാടാക്കിയിരുന്നെങ്കിൽ രണ്ടാം വരവിൽ മതിയായ സുരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാതെയാണ് സേനാംഗങ്ങളെ റോഡിലേക്ക് ഇറക്കിയിരിക്കുന്നത്.
ഡബിൾ മാസ്്കിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് ആവർത്തിക്കുന്പോഴും പോലീസുകാരിൽ നല്ലൊരു ശതമാനവും ഉപയോഗിക്കുന്നത് ഒറ്റ മാസ്ക് ആണ്. രോഗബാധിതരുടെ എണ്ണം ആയിരം കടന്നതോടെ ഇന്നലെ മുതലാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടി ക്രമീകരിക്കണമെന്ന നിർദേശം പോലീസ് ആസ്ഥാനത്തുനിന്നും ജില്ലാ പോലീസ് മേധാവിമാർക്ക് ലഭിച്ചത്.
പോലീസ് അസോസിയേഷൻ നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് രാവിലെ ആറു മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും, ഒന്നുമുതൽ രാത്രി എട്ടു വരെയും, എട്ടുമുതൽ രാവിലെ എട്ടുവരെയുമാണ് ഡ്യൂട്ടി ക്രമീകരണം.
റെയിൽവേ പോലീസിൽ 50 പോലീസുകാർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു സുരക്ഷാ ക്രമീകരണം താളം തെറ്റുകയാണ്. ജയിൽ വകുപ്പിൽ 39 ഉദ്യോഗസ്ഥർ കോവിഡ് ചികിത്സയിലാണ്.
ആരോഗ്യവകുപ്പിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും അടക്കം രോഗം ബാധിക്കുന്നതു പ്രതിരോധ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നു.
മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും പ്രതിരോധ വാക്സിൻ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ മുഖ്യമന്ത്രിക്കു കത്തു നൽകി.