പത്തനംതിട്ട: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ ഓക്സിജന്‍ സഹായത്തോടെയുള്ള ചികിത്സയില്‍ 80 ശതമാനം കിടക്കകളും നിറഞ്ഞു.
ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആശുപത്രികളില്‍ നോണ്‍ ഐസിയു വിഭാഗത്തില്‍ 393 കിടക്കകളാണ് ഓക്സിജന്‍ സൗകര്യമുള്ളത്. ഇതില്‍ 79 കിടക്കകള്‍ മാത്രമാണ് ഇന്നു രാവിലെ ഒഴിവുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ 25 കിടക്കകളേ ഒഴിവുള്ളൂ.
ഓക്സിജന്‍ സഹായത്തോടെ ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം ഇന്നലെ രാത്രി കൂടിയതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സിലിണ്ടറുകളുടെ ക്ഷാമം ഉണ്ടാകുമോയെന്ന ആശങ്കയില്‍ സ്വകാര്യ ആശുപത്രികളിലെ ഓക്സിജന്‍ സംവിധാനമുള്ള മുറികളിലേക്ക് ചിലരെയൊക്കെ മാറ്റേണ്ടിവന്നു.
ഐസിയുവില്‍ 214 കിടക്കകളില്‍ 51 എണ്ണം ഒഴിവുണ്ട്. 95 വെന്റിലേറ്ററുകളില്‍ 65 എണ്ണവും ഒഴിവുണ്ട്. രണ്ട് കോവിഡ് ആശുപത്രികളിലായി ഏഴുപേരെ മാത്രമേ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടുള്ളൂ. 24 ഐസിയു കിടക്കകള്‍ ഒഴിവുമുണ്ട്..
അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ മേഖലയില്‍ ജില്ലയ്ക്ക് ആകെയുള്ള ഐസിയു ആംബുലന്‍സുകള്‍ മൂന്നെണ്ണം മാത്രമാണ്.പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ഓരോ ആംബുലന്സുകളുള്ളത്.
കോവിഡ് രോഗികള്‍ ഏറെയുള്ള കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്പോലും ഐസിയു ആംബുലന്‍സില്ല. ഇതിനായി ജില്ലാ പഞ്ചായത്ത് പണം അനുവദിച്ചിട്ടുണ്ടെങ്കിലും വാഹനം എത്താന്‍ നടപടിയായിട്ടില്ല.
ഓക്സിജന്‍ സൗകര്യമുള്ള 14 ആംബുലന്‍സുകള്‍ സര്‍ക്കാര്‍ മേഖലയിലുണ്ട്. 36 സ്വകാര്യ ആംബുലന്‍സുകള്‍ ഓക്സിജന്‍ സൗകര്യത്തോടെ ഓടുന്നുണ്ടെന്നതാണ് ഏക ആശ്വാസം.
പഞ്ചായത്തുകളില്‍ ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സുകള്‍ എത്തിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ഇവയുടെ പരിമിതി ശ്രദ്ധയില്‍പെടുന്നത്.