ന്യൂഡൽഹി: രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,942 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3876 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്താകെ 37.15 ലക്ഷം പേർ നിലവിൽ കോവിഡ് ചികിത്സയിൽ ഉണ്ട്. സജീവകേസുകളിൽ 30,016 പേരുടെ കുറവുണ്ടായി എന്നതാണ് ആശ്വാസകരമായ വാർത്ത. 61 ദിവസത്തിന് ശേഷമാണ് ഇത്രയും കുറവുണ്ടാകുന്നത്.
ഇതുവരെ 1,90,27,304 പേർ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,56,082 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 2.29 കോടി പേർക്കാണ്.
ഇതിൽ 37.15 ലക്ഷം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. പ്രതിദിന കോവിഡ് രോഗികളിൽ മഹാരാഷ്ട്രയെ പിന്നിലാക്കി കർണാടക ഒന്നാമതായി. 24 മണിക്കൂറിനിടെ 39,305 പേർക്ക് കർണാടകയിൽ കോവിഡ് പിടിപ്പെട്ടു.
37,236 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്, ഉത്തർപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. രാജ്യത്തുടനീളം 17,27,10,066 പേർക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിനേഷൻ നൽകി.
അതിനിടെ സംസ്ഥാനങ്ങളുടെ വാക്സിനേഷൻ രീതിയിൽ കടുത്ത അതൃപ്തിയാണ് കേന്ദ്രസർക്കാരിന് ഉള്ളത്. വാക്സിനേഷൻ നടപടികൾ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.
കോവിഡ് വാക്സീൻ സ്റ്റോക്ക് കൂട്ടിവയ്ക്കാതെ വാക്സിനേഷൻ നടപടികൾ ഉൗർജിതമാക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകുന്നത്.
കോവിഡ് വാക്സിൻ വിതരണം മരുന്ന് കന്പനികൾ കാര്യക്ഷമമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.