തൊടുപുഴ: ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന് മേജർ രവിയുടെ വക 50,000 രൂപയുടെ ധനസഹായം.
കഴിഞ്ഞ ഒരുവർഷമായി ലോക്സഭാ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ പ്രവർത്തനങ്ങൾ കോവിഡ് സാമൂഹിക വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏഴു നിയോജകമണ്ഡലങ്ങളിലും പ്രത്യേക കർമ സേന രൂപീകരിച്ച് കോവിഡ് മൂലം മരണമടയുന്നവരുടെ മൃതദേഹ സംസ്കാരം, കോവിഡ് രോഗികളെ ആശുപത്രികളിൽ എത്തിക്കൽ, സാനിറ്റേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിവരികയാണ്.
ഇതിലേക്കായി ഏഴു നിയോജക മണ്ഡലങ്ങളിലും പ്രത്യേക വാഹനം തയാറായിട്ടുണ്ട്. ഇടുക്കി പാർലമെന്റിലെ ഏഴു നിയോജക മണ്ഡങ്ങളിലായി 350 ഓളം വോളണ്ടിയർമാരാണ് ഇപ്പോഴുള്ളത്.
ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ തൊടുപുഴയ്ക്കുള്ള വാഹനത്തിന്റെ ഫ്ളാഗ്ഓഫ് ചടങ്ങ് തൊടുപുഴയിലുള്ള എംപി.ഓഫീസിൽ നടന്ന ചടങ്ങിൽ മേജർ രവി നിർവഹിച്ചു.
ടീമിന്റെ തുടർപ്രവർത്തനങ്ങൾക്കായി ആംബുലൻസും വിട്ടു നൽകാമെന്ന് മേജർ രവി അറിയിച്ചിട്ടുണ്ടെന്ന് എം.പി. പറഞ്ഞു.