കൊച്ചി: തനിക്കു ജന്മദിനാശംസ പത്രത്തിൽ കൊടുത്ത സുഹൃത്ത് ആശംസ അച്ചടിച്ചു വരും മുന്പേ കോവിഡ് ബാധിച്ചു മരിച്ച വിവരം സങ്കടത്തോടെ ഫേസ്ബുക്കിൽ കുറിച്ചു മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്.
ദി ലാസ്റ്റ് വിഷ് എന്ന തലക്കെട്ടോടെ ഹൈദരാബാദിലുള്ള യുവ സുഹൃത്തിനെക്കുറിച്ചാണു ജന്മദിനമായ ഇന്നലെ കെ.വി. തോമസിന്റെ കുറിപ്പ്.
കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:
ഇന്നെന്റെ പിറന്നാളാണ്. വളരെ വേദനിപ്പിക്കുന്ന ഒരു ദിവസം കൂടിയാണിന്ന്. ദേശീയ പത്രങ്ങളിൽ എനിക്കുള്ള പിറന്നാൾ ആശംസകൾ ഫോട്ടോ സഹിതം അച്ചടിച്ചു വന്നിട്ടുണ്ട്.
കഴിഞ്ഞ പത്ത് വർഷങ്ങളായി മുടക്കമില്ലാതെ ഈ ആശംസ നൽകിക്കൊണ്ടിരിക്കുന്നത് ഹൈദരാബാദിലെ 48 കാരനായ എന്റെ സുഹൃത്ത് മെരുകാ രാജേശ്വര റാവു ആയിരുന്നു. ഞാനും റാവുവുമായി നില്ക്കുന്ന ഒരു ചിത്രവും ആശംസയും. അതായിരുന്നു പതിവ്.
ഊർജസ്വലനായ യൂത്ത് കോണ്ഗ്രസ് പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന റാവു ആന്ധ്രയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിര പോരാളിയുമായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച റാവുവിനെ ഞങ്ങളിൽനിന്നു കോവിഡ് തട്ടിയെടുത്തു.
പക്ഷെ, ഈ പിറന്നാൾ ദിനത്തിലും എനിക്കുള്ള ആശംസ മുടങ്ങിയില്ല. കോവിഡു ബാധിതനാകുന്നതിനു തൊട്ടു മുൻപ് റാവു അത് ഏർപ്പാട് ചെയ്തിരുന്നു.
അത് ഇന്ന് അച്ചടിച്ചു വന്നിരിക്കുന്നു. കണ്ണുനീരോടെയാണ് ഞാനത് വായിച്ചത്. കുറിപ്പ് തുടരുന്നു.മെരുകാ രാജേശ്വര റാവു എറ്റെടുത്ത് നടപ്പാക്കിയിരുന്ന സാന്ത്വന പ്രവർത്തനങ്ങൾ താൻ ഉൾപ്പടെയുള്ള സുഹൃത്തുക്കൾ മുന്നോട്ടു കൊണ്ടു പോകുമെന്നും കെ.വി. തോമസ് അറിയിച്ചു.