കടയ്ക്കാവൂർ: നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മണമ്പൂരിൽ ഞായറാഴ്ച രാവിലെ പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ജോഷി യെ (38) സംഘം ചേർന്ന് കൊലപ്പെടുത്തിയ കേസിൽ കുളമൂട്ടം കൊച്ചു കല്ലിയിൽ ഗിരീഷ് (40) കവലയൂർ കാട്ടുവിള മണി (റിംഗ് മണി ,46) കവലയൂർ മഠത്തിൽച്ചിറ ആശാരി വിളാകത്ത് സാബു (പക്കി സാബു 38) കവലയൂർ കാട്ടുവിള ബൈജു (38) എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ജോഷിയും സുഹൃത്തുക്കളുമായി ഉണ്ടായ വാക്കുതർക്കവും, വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
നിരവധി തവണ സുഹൃത്തുക്കൾ ജോഷിക്ക് താക്കീത് നൽകിയെങ്കിലും വീണ്ടും നാട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് സുഹൃത്തുക്കൾ ഒത്തുകൂടുകയും ജോഷി പതിവായിരിക്കുന്ന റബർ തോട്ടത്തിൽ എത്തി പടക്കമെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു.
പരിക്കേറ്റ് വഴിയിൽ കിടന്ന ജോഷിയെ കടയ്ക്കാവൂർ പോലിസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊല്ലപ്പെട്ട ജോഷി വധശ്രമം, മോഷണം, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി കേസിലെ പ്രതിയാണ്.
ശല്യം സഹിക്കാതെ വന്നപ്പോഴാണ് തങ്ങൾ ആക്രമിച്ചതെന്ന് പിടിയിലായവർ പോലീസിൽ മൊഴിനൽകി. അറസ്റ്റിലായവരും നിരവധി കേസുകളിലെ പ്രതികളാണെന്നും സംഘത്തിലെ മറ്റുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
റൂറൽ എസ്പി സി.കെ.മധുവിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ വർക്കല ഡിവൈഎസ്പി ബാബുകുട്ടൻ, കടയ്ക്കാവൂർ സിഐ. ജയപ്രകാശ്, എസ്ഐമാരായ ശ്യാം ,മാഹിൻ, മനോഹർ, ഗ്രേഡ് എസ്ഐരാജീവൻ, എസ്സിപിഒമാരായ ജ്യോതിഷ്, ഡീൻ, ഗിരീഷ്, വിനോജ്, സിപിഒമാരായ ശ്രീകുമാർ ,സുജിത്ത്, ജയപ്രകാശൻ, എസ്പി ഷാഡോ ടീം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ കോവിഡ് ടെസ്റ്റ് പരിശോധനയ്ക്ക് ശേഷം റിമാൻഡു ചെയ്തു.