വടക്കഞ്ചേരി: നിർമ്മാണത്തിലെ അപാകതകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ വടക്കഞ്ചേരി മണ്ണുത്തി ആറുവരി ദേശീയപാതയിൽ വടക്കഞ്ചേരി റോയൽ ജംഗ്ഷനിൽ നിന്നു തുടങ്ങുന്ന മേൽപ്പാല നിർമ്മാണം സംബന്ധിച്ച് വിദഗ്ദ്ധ പരിശോധന നടത്തണമെന്ന ആവശ്യം ശക്തം.
വാഹന ഗതാഗതത്തിനായി മേൽപ്പാലം തുറന്ന് കൊടുത്ത് മൂന്ന് മാസത്തിനുള്ളിൽ നാല് തവണയാണ് മേൽപാലത്തിന്റെ അപകടാവസ്ഥ മൂലം ഗതാഗതം നിരോധിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരി ആറിനാണ് മേൽപ്പാത തുറന്നത്.
അന്ന് രാത്രി തന്നെ മേൽപ്പാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. വെളിച്ചമോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതിരുന്നത് അപകടത്തിന് കാരണമായി. തൃശൂർ ഭാഗത്തേക്കുള്ള റോഡുകൾ ഇപ്പോൾ അടച്ചിരിക്കുകയാണ്.
തങ്കം ജംഗ്ഷനിൽ കുരിശുപള്ളിക്കു മുന്നിലായി പാലത്തിന്റെ ഭീമുകൾ തമ്മിലുള്ള അകലം കൂടി വരുന്നതാണ് റോഡ് അടക്കാൻ കാരണമായിട്ടുള്ളത്. ഇവിടെ കോണ്ക്രീറ്റും ടാറും വെട്ടിപൊളിച്ച് റിപ്പയർ വർക്കുകൾ നടന്നുവരികയാണ്.
ഇതിനു മുന്പ് പാലക്കാട് ലൈനിൽ കഐസ്ആർടിസി റോഡ് ഭാഗത്തായിരുന്നു പാലം തകർന്ന് വെട്ടി പൊളിച്ച് താല്ക്കാലിക പരിഹാരം ഉണ്ടാക്കിയിട്ടുള്ളത്.
അതിനു മുന്പും രണ്ട് തവണ റിപ്പയർവർക്കെന്ന് പറഞ്ഞ് ഗതാഗതം നിരോധിച്ചു. മേൽപ്പാത തുറന്ന് കൊടുത്ത് ഇപ്പോഴാണ് ലൈറ്റ് സ്ഥാപിക്കുന്ന പണികൾ നടക്കുന്നത്.
ഇതിൽ എത്ര ലൈറ്റുകൾ കത്തുമെന്ന് ഇനി കണ്ടറിയേണ്ടി വരും. സുരക്ഷാ മുന്നറിയിപ്പ് സൂചകങ്ങളോ ശരിയായ ടാറിങ്ങോ ഇനിയും നടന്നിട്ടില്ല.
യോഗ്യരായ വിദഗ്ധ തൊഴിലാളികളുടെയും മേൽനോട്ടക്കാരുടെയും അഭാവമാണ് നിർമ്മാണം അപാകതകളാകാൻ വഴിവെച്ചതെന്നാണ് വിലയിരുത്തൽ.
യഥാസമയം ശന്പളമോ ആനുകൂല്യങ്ങളോ നൽകാത്തതിനാൽ വിദഗ്ദ്ധ തൊഴിലാളികളെല്ലാം കന്പനി വിട്ട് പോയി. കിട്ടുന്നവരെ വെച്ച് പണി നടത്തുന്ന സ്ഥിതിയാണ് കന്പനി തുടരുന്നത്.
റോഡ് നിർമ്മാണവും ഇത്തരത്തിൽ ക്രമക്കേടുകളുടെ കൂന്പാരങ്ങളാണ്. ഇത്രയേറെ കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന റോഡ് കാണാൻ പോലും ഭംഗിയില്ലെന്നാണ് യാത്രക്കാരുടെ കമന്റ്.