കൊച്ചി: ലോക്ക് ഡൗണിലും നിരത്തുകളിൽ തിരക്ക് വർധിച്ചതോടെ യാത്രാനുമതി ഓൺലൈൻ പാസുകാര്‍ക്ക് മാത്രമാക്കി ചുരുക്കി പോലീസ്.
വെള്ളപ്പേപ്പറില്‍ എഴുതി കാണിക്കുന്ന സത്യവാങ്മൂലത്തിനു പിന്നാലെയാണ് ഇപ്പോള്‍ പോലീസിന്റെ ഔദ്യോeഗിക അനുമതി പത്രമെന്ന നിലയില്‍ ഓണ്‍ലൈന്‍ പാസ് നല്കി തുടങ്ങിയിരിക്കുന്നത്.
ഇതോടെ കൂടുതല്‍ ആളുകള്‍ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യമുണ്ടായി. ലോക്ക്ഡൗണ്‍ ലക്ഷ്യം തകര്‍ക്കുന്ന നിലയില്‍ ആളുകള്‍ പുറത്തേക്ക് ഇറങ്ങുന്ന സഹചര്യം ഒഴിവാക്കാന്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ പാസുള്ളവർക്കു മാത്രമേ യാത്ര അനുവദിക്കുകയുള്ളൂവെന്ന് പോലീസ് പറയുന്നു.
അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ സത്യവാങ്മൂലവുമായി ധാരാളം ആളുകള്‍ പുറത്തിറങ്ങുന്നുണ്ട് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.ഓണ്‍ലൈന്‍ പാസ് വന്നതോടെ അത് ഒരു പരിധിവരെ ഒഴിവാക്കാം.
അടിയന്തിര ആവശ്യങ്ങളായ ആശുപത്രി, മരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് മാത്രം സത്യവാങ്മൂലം അനുവദിക്കുകയുള്ളൂവെന്നും പോലീസ് പറയുന്നു.
മറ്റ് ആവശ്യമുള്ളവര്‍ ഓണ്‍ലൈന്‍ പാസ് എടുക്കണം.ജോലി സ്ഥാപനത്തിന്റെ ലെറ്റര്‍പാഡില്‍ തയാറാക്കിയ സത്യവാങ്മൂലങ്ങളും ഇനി മുതല്‍ അനുവദിക്കില്ല.അവശ്യസര്‍വീസുകളിലെ ജീവനക്കാര്‍ക്ക് മാത്രമേ ഇളവുള്ളു.
ധാരാളം ആളുകള്‍ തൊഴില്‍ സ്ഥാപനത്തിന്റെ തിരിച്ചറിയില്‍ കാര്‍ഡും സത്യവാങ്മൂലവും കാണിക്കുന്നതിനാല്‍ പരിശോധനയ്ക്ക് നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലാണ്.
ഇളവു അനുവദിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നവരാണോ ഇത്തരക്കാരെന്ന ആശയക്കുഴപ്പം യാത്രാ ഇളവ് നല്‍കുന്നത് അനുകൂലമാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും പ്രത്യേക ക്രമീകരണം ഒരുക്കുമെന്നും പോലീസ് പറയുന്നു.
ആളുകള്‍ കുടുതലായി പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ പരിശോധന കുറെക്കൂടി കര്‍ശനമാക്കുമെന്ന മുന്നറിയിപ്പും പോലീസ് നല്‍കുന്നുണ്ട്. അതിന്റെ ഭാഗമായി വിട്ടുവീഴ്ച്ചയില്ലാതെ പരിശോധന നടത്താനും നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
ഇന്നലെ ഇത്തരത്തില്‍ നിയമലംഘനം നടത്തിയ 318 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. കൊച്ചി സിറ്റി പരിധിയില്‍ 97 കേസുകളും എറണാകുളം റൂറല്‍ പോലീസ് പരിധിയില്‍ 221 കേസുകളും രജിസ്റ്റര്‍ ചെയ്തു.
മാസ്ക് ധരിക്കാത്തതിന് സിറ്റി പരിധിയില്‍ 237 പേര്‍ക്കെതിരേയും സാമൂഹിക അകലം പാലിക്കാത്തതിന് 275 പേര്‍ക്കെതിരേയും പെറ്റികേസ് എടുത്തു.
വിവിധ സ്റ്റേഷനുകളിലായി ലോക് ഡൗൺ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് 62 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. റൂറല്‍ പോലീസ് പരിധിയില്‍ 221 കേസുകളില്‍ 76 പേരെ അറസ്റ്റു ചെയ്തു. 127 വാഹനങ്ങള്‍ പിടിച്ചെടുത്തു. പിഴയിനത്തില്‍ 2,53,500 രൂപ ഈടാക്കി.