കൊല്ലം: കുണ്ടറയിൽ കൂട്ട ആത്മഹത്യാ ശ്രമത്തിനിടയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൃഹനാഥൻ അപകടാവസ്ഥ തരണം ചെയ്തു വരുന്നതായി കുണ്ടറ പോലീസ് പറഞ്ഞു.
മൺട്രോ തുരുത്ത് എറോപ്പിൽ വീട്ടിൽ എഡ്വേർഡ് (അജിത്ത്-40) ആണ് അപകടാവസ്ഥ തരണം ചെയ്തു വരുന്നത്. കഴിഞ്ഞ ദിവസം ഇയാൾ ശീതളപാനിയത്തിൽ വിഷം കലർത്തി കുടുംബത്തോടൊപ്പം കുടിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഭാര്യ വർഷ (26), മക്കളായ അലൈൻ, ആരവ് എന്നിവർ മരിച്ചു. പാനീയം കുടിക്കാതിരുന്നതിനെ തുടർന്ന് ആറു വയസുകാരിയായ മൂത്ത മകൾ രക്ഷപ്പെട്ടിരുന്നു.ഇവർ കേരളപുരത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്നു. കുണ്ടറ മുക്കടയിലുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ ജീവനക്കാരനായിരുന്നു എഡ്വേർഡ്.
ഇളയ കുട്ടി ആരവിന് കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് എസ് എ ടി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ചികിത്സക്കു ശേഷം വർഷയും മക്കളും തന്റെ കുടുംബ വീട്ടിൽ കഴിയുകയായിരുന്നു. രണ്ട് ദിവസം മുമ്പ് എഡ്വേർഡ് മക്കളെ കേരള പുരത്തുള്ള വീട്ടിലേക്ക് കൊണ്ടുവന്നു. ഇന്നലെ വർഷയേയും നിർബന്ധിച്ച് കൂട്ടിക്കൊണ്ടുവന്നു.
ഇന്നലെ വൈകുന്നേരം വീട്ടിലെത്തിയ ബന്ധു വിളിച്ചെങ്കിലും അനക്കമില്ലാത്തതിനെ തുടർന്ന് ഗേറ്റ് ചാടി അകത്തു കയറി നോക്കിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന കുടുംബാംഗങ്ങളെ കണ്ടത്. ഉടൻ തന്നെ ആ ശുപത്രിയിലെത്തിച്ചെങ്കിലും വർഷയും രണ്ട് മക്കളും മരിച്ചിരുന്നു. എഡ്വേർഡിനെ ചോദ്യം ചെയ്യുന്നതോടെ വിവരങ്ങൾ ലഭിക്കും.