ഫ്ലോറിഡ: പാട്രിയറ്റ്ഓക്സ് അക്കാദമിയിലെ വിദ്യാർഥിനിയായ പതിമൂന്നുകാരിയെ കൊലപ്പെടുത്തിയ കേസിൽ 14 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ട്രിസ്റ്റിൽ ബെയ്ലി എന്ന കുട്ടി കൊല്ലപ്പെട്ട കേസിൽ അതേ സ്കൂളിലെ എട്ടാം ഗ്രേഡുകാരനായ എയ്ഡൻ ഫക്സിയാണ് അറസ്റ്റിലായത്.
ലോംഗ് ലീഫ് പൈൻ പാർക്ക്വേ പാട്രിയറ്റ് ഓക്ക്സ് അക്കാദമിയിലെ വിദ്യാർഥികളാണ് ഇരുവരും.
സെക്കൻഡ് ഡിഗ്രി മർഡർ ആണ് എയ്ഡനെതിരെ ചാർത്തിയിട്ടുള്ളതെന്നു സെന്റ് ജോണ്‍സ് കൗണ്ടി ഷെറിഫ് റോബർട്ട് ഹാർഡ് വിക്ക് അറിയിച്ചു.
മേയ് 9 പുലർച്ചെയാണ് ട്രിസ്റ്റിനെ അവസാനമായി കാണുന്നത്. പിന്നീടു കുട്ടിയെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
തുടർന്നു നടത്തിയ അന്വേഷണത്തിൽ മൃതദേഹം വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന സ്ഥലത്തു കണ്ടെത്തിയതായി പ്രദേശവാസികളിലൊരാൾ പോലീസിനെ അറിയിക്കുകയായിരുന്നു.
മൃതദേഹം ട്രിസ്റ്റിന്േറതു തന്നെയെന്നു പോലീസ് സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമാക്കിയിട്ടില്ല.
ട്രിസ്റ്റിനും എയ്ഡനും അയൽക്കാരും സുഹൃത്തുക്കളുമായിരുന്നു എന്നു സഹപാഠികൾ പറഞ്ഞു.
ഇൻഫിനിറ്റി ആൾ സ്റ്റാർസ്, പാട്രിയറ്റ് ഓക്സ് ചാർജേഴ്സ് ചിയർലീഡറായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ട്രിസ്റ്റിൽ പഠനത്തിലും സമർഥയായിരുന്നുവെന്ന് അവർ പറഞ്ഞു.
പ്രതിയായ എയ്ഡനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
റിപ്പോർട്ട്: പി.പി. ചെറിയാൻ