തൊടുപുഴ: ജില്ലയിലേക്ക് ഓക്സിജൻ എത്തിക്കുന്ന ടാങ്കറുകൾക്ക് സുരക്ഷ ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പ്.
കഞ്ചിക്കോട് നിന്നും ഓക്സിജൻ ടാങ്കറുകൾ എത്തുന്പോൾ അവ ഗതാഗത തടസവും മറ്റും കൂടാതെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുന്ന ദൗത്യമാണ് മോട്ടോർ വാഹന വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്.
ഇതിനായുള്ള പ്രത്യേക സ്ക്വാഡിലുള്ള ഉദ്യോഗസ്ഥരാണ് ദൗത്യ സംഘത്തിലുള്ളത്.
ഓരോ 36 മണിക്കൂർ കൂടുന്പോൾ ഒരു ടാങ്കർ വീതം ഓക്സിജനുമായി ടാങ്കർ ജില്ലാ അതിർത്തി കടന്നെത്തും.
ജില്ലയിൽ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ മാത്രമാണ് ഓക്സിജൻ പ്ലാന്റുള്ളത്.
ഇവിടേക്കെത്തുന്ന ടാങ്കറുകൾക്ക് മുന്നിലായി മൂവാറ്റുപുഴ മുതൽ മോട്ടോർ വാഹന വകുപ്പിന്റെ വാഹനമുണ്ടാകും.
ഓരോ ജില്ലയിലും മോട്ടോർ വാഹനവകുപ്പ് ഈ ദൗത്യമേറ്റെടുത്തിട്ടുണ്ട്.
വാഹനം ഓരോ ജില്ല കടക്കുന്പോഴും വാർ റൂമിൽ വിവരമെത്തും. കൂടാതെ നിരീക്ഷണത്തിന് ജിപിഎസ്, വിഎൽടിഎസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ടാങ്കറുകൾക്ക് ബീക്കണ്‍ ലൈറ്റും സൈറണും നൽകിയിട്ടുണ്ട്. 2000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കറുകളാണ് ഓക്സിജൻ എത്തിക്കുന്നതിനായി ഉപയോഗിക്കുന്നത്.
മോട്ടോർ വാഹന വകുപ്പിനു പുറമെ പോലീസിന്റെ അകന്പടി വാഹനവും ടാങ്കറിനെ അനുഗമിക്കും.