സ്വന്തം ലേഖകൻ
തൃശൂർ: കലാനിലയത്തിന്റെ സൂപ്പർഹിറ്റ് നാടകമായ കടമറ്റത്ത് കത്തനാർ കണ്ടു കെെയടിച്ചവരും പേടിച്ചവരും നിരവധിയാണെങ്കിലും കത്തനാരെ പഠിച്ച് ഡോക്ടറേറ്റ് നേടിയവർ കുറവായിരിക്കും.
കൊടുങ്ങല്ലൂർ സ്വദേശിനി നിവിയ തോമസ് കടമറ്റത്ത് കത്തനാരെ കലാനിലയത്തിന്റെ അരങ്ങിൽ കണ്ടു പഠിച്ച് പിഎച്ച്ഡി നേടുന്പോൾ അതു മലയാള നാടക അരങ്ങിനും അഭിമാനമാകുന്നു.
കടമറ്റത്ത് കത്തനാർ പരിണാമിയായ ഐതിഹ്യം എന്ന വിഷയത്തിലാണ് ഇംഗ്ലീഷ് ഭാഷയിൽ നിവിയ പ്രബന്ധം തയാറാക്കിയത്.
കടമറ്റത്ത് കത്തനാർ എന്ന അതികായനെക്കുറിച്ചു തീസിസ് തയാറാക്കാൻ തീരുമാനിച്ച നിവിയയുടെ പഠന ഗവേഷണത്തിൽ കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാർ ഒരു പ്രധാന ഭാഗമായി.
വാമൊഴിയായും വരമൊഴിയായും ദൃശ്യാവിഷ്കാരമായുമെല്ലാം ജനപ്രീതി നേടിയ കടമറ്റത്ത് കത്തനാരെ കുറിച്ചു നിവിയ ഗവേഷണപ്രബന്ധം തയാറാക്കാനായി വിവരങ്ങൾ ശേഖരിച്ചെങ്കിലും പ്രബന്ധത്തിന്റെ പ്രധാനഭാഗവും കൂടുതൽ വിവരങ്ങളും കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാരെ ആസ്പദമാക്കിയായിരുന്നു.
1965ൽ ആദ്യം അരങ്ങിലെത്തിയ കത്തനാർ നാടകത്തിന്റെ ചിത്രങ്ങളും വിവരണങ്ങളും കലാനിലയം കൃഷ്ണൻനായരുടെ മകൻ അനന്തപത്മനാഭൻ നിവിയക്കു നൽകി.
1965 ൽ തുടങ്ങി 2019ൽ പുതിയ സാങ്കേതിക വിദ്യകളോടെ അരങ്ങിലെത്തിയ കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാർ എന്ന നാടകത്തിന്റെ കാലത്തിനനുസൃതമായ പരിണാമങ്ങളായിരുന്നു നിവിയയുടെ പ്രബന്ധം.
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നാണു നിവിയ ഡോക്ടറേറ്റ് നേടിയത്. 2015ൽ ആരംഭിച്ച ഗവേഷണം പൂർത്തിയാക്കി 2020ൽ തീസിസ് സബ്മിറ്റ് ചെയ്യുകയും ഈ വർഷം ഫെബ്രുവരിയിൽ പിഎച്ച്ഡി ലഭിക്കുകയും ചെയ്തു.
പെരുന്പാവൂർ രാജഗിരി വിശ്വജ്യോതി കോളജ് ഓഫ് ആർട്സ് ആൻഡ് അപ്ലൈഡ് സയൻസിസിൽ ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റ് പ്രഫസറാണ് കൊടുങ്ങല്ലൂർ ലോകമലേശ്വരം സ്വദേശിനിയായ കൈമാതുരുത്തിൽ വീട്ടിൽ നിവിയ തോമസ്.
പിതാവ് കെ.പി. തോമസ് ജോസഫ് കൊടുങ്ങല്ലൂരിൽ ഫ്രാൻസിസ് കോളജ് എന്ന ട്യൂഷൻ സെന്റർ നടത്തുന്നു.അമ്മ ലിപ്സി ജോസ് റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറിയാണ്. സഹോദരൻ ആൽവിൻ മാർഷൽ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാണ്.