പനമരം: ജൻമനാ നേത്രരോഗമുളള ശിശുവിനു കേണിച്ചിറ പോലീസ് മരുന്നു എത്തിച്ചു നൽകി.
കേണിച്ചിറ സൊസൈറ്റിക്കവല ചിലന്പത്ത് ഗീതുവിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനുള്ള മരുന്നാണ് എസ്എച്ച്ഒ ടി.കെ. ഉമ്മറും സിവിൽ പോലീസ് ഓഫീസർ ശിഹാബും ചേർന്നു എത്തിച്ചത്.
ശിശുവിന്റെ കണ്ണിലിറ്റിക്കുന്ന മരുന്നു തീരുകയും ലോക്ക്ഡൗണ്‍ മൂലം പുറത്തുപോകാൻ കഴിയാതെ വരികയും ചെയ്ത സാഹചര്യത്തിൽ ഗീതു കേണിച്ചിറ പോലീസിന്റെ ടോൾ ഫ്രീ നന്പരിൽ വിളിച്ച് സഹായം തേടുകയായിരുന്നു.
എസ്എച്ച്ഒ സ്റ്റേഷൻ പരിധിയിലെ ഇരുളത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് 112 എന്ന ടോൾ ഫ്രീ നന്പരിൽ ഗീതുവിന്റെ വിളിയെത്തിയ വിവരം അറിഞ്ഞത്.
തുടർന്നു ഗീതുവിനെ വിളിച്ച എസ്എച്ച്ഒ മരുന്നിന്റെ പേര് മനസിലാക്കി. ഇരുളത്തെ മെഡിക്കൽ ഷോപ്പിൽ അന്വേഷിച്ചപ്പോൾ മരുന്നു ഉണ്ടായിരുന്നില്ല.
പിന്നീടു കേണിച്ചിറയിലെത്തിയ എസ്എച്ച്ഒ മൂന്നു മെഡിക്കൽ ഷോപ്പുകളിൽ കയറിയെങ്കിലും അതേ പേരിലുള്ള മരുന്നു ലഭിച്ചില്ല.
ഒടുവിൽ കാര്യന്പാടിയിലെ കണ്ണാശുപത്രിയിൽനിന്നാണ് മരുന്നു വാങ്ങി ഗീതുവിനു ലഭ്യമാക്കിയത്.
ബീറ്റ് ഡ്യൂട്ടിക്കിടെ കേണിച്ചിറ പോലീസ് ടോൾഫ്രീ നന്പർ പൊതുജനങ്ങൾക്കു നൽകിയിരുന്നു.