എടത്വ: ബിരുദ വിദ്യാർഥി പഠനത്തോടൊപ്പം നടത്തിയ മീൻവളർത്തൽ കേന്ദ്രത്തിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി.
വിളവെടുപ്പിനു തയാറായ നൂറുകണക്കിനു കരിമീനുകൾ ചത്തുപൊങ്ങിക്കിടക്കുന്നതു കണ്ടു നെഞ്ചുതകർന്നു നിൽക്കുകയാണ് ഈ യുവാവ്.
എടത്വ കോളജിൽ ബിരുദ വിദ്യാർഥി കുഴിവേലികളം ഷാരോണിന്റെ മത്സ്യക്കുളത്തിലാണ് സാമൂഹ്യവിരുദ്ധർ കഴിഞ്ഞ രാത്രി വിഷം കലക്കിയത്.
പഠനത്തിനും മറ്റും കാര്യങ്ങൾക്കും വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം നിലയ്ക്കു വരുമാനം കണ്ടെത്തണമെന്ന ലക്ഷ്യത്തോടെയാണ് പഠനത്തിനിടയ്ക്കു സമയം കണ്ടെത്തി എടത്വ ചങ്ങങ്കരി- പച്ച സ്വദേശി ഷാരോൺ മത്സ്യകൃഷി തുടങ്ങിയത്.
മൂന്നര ലക്ഷത്തോളം രൂപ കടം എടുത്തു കുളവും മറ്റും വൃത്തിയാക്കി കരിമീൻ കുഞ്ഞുങ്ങളെ മേടിച്ചു വളർത്തുകയായിരുന്നു.
ഇവയുടെ വിളവെടുപ്പിന് തയാറായിരിക്കുന്പോഴാണ് കഴിഞ്ഞ രാത്രി ആരോ കുളത്തിൽ വിഷം കലക്കുന്നത്.
ഷാജി-റാണി ദമ്പതികളുടെ മൂന്നു മക്കളിൽ ഏക ആൺകുട്ടിയാണ് ഷാരോൺ. തികച്ചും സാധാരണക്കാരായ ഈ കുടുംബത്തോടു ചെയ്ത വലിയ ക്രൂരതയാണ് സംഭവമെന്നു നാട്ടുകാരും പറയുന്നു.
താങ്ങാവുന്നതിലേറെ വലിയ നഷ്ടമാണ്സംഭവിച്ചിരിക്കുന്നതെന്നു ഷാരോൺ പറയുന്നു.
തനിക്ക് ശത്രുക്കൾ ഇല്ലെന്നും പിന്നെ എന്തിനാണ് ഈ ചതി ചെയ്തതെന്ന് അറിയില്ലെന്നും യുവാവും വീട്ടുകാരും പറയുന്നു.
പോലീസിലും ഫിഷറീസ് ഡിപ്പാർട്ട്മെന്റിലും പരാതി നൽകിയിട്ടുണ്ട്.
കുറ്റവാളികൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണ് ഷാരോണിന്റെയും കുടുംബത്തിന്റെയും ആവശ്യം.
വായ്പയെടുത്ത പണം ഇനിയെങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് യുവാവ്.